ജനങ്ങളോടൊപ്പം നടന്ന നേതാവ്: കരമന ജയന്റെ രാഷ്ട്രീയ-സാമൂഹിക യാത്ര

തിരുവനന്തപുരം നഗരത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിൽ വ്യക്തമായ സാന്നിധ്യമായി മാറിയ ഒരു പേരാണ് കരമന ജയൻ. രാഷ്ട്രീയ പ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും മനുഷ്യസ്നേഹത്തിന്റെ പാതയിൽ വിട്ടുമാറാതെ മുന്നേറുന്ന അദ്ദേഹത്തിന്റെ ജീവിതയാത്ര ഇന്ന് പലർക്കും പ്രചോദനമാണ്. കർമ്മശേഷിയും ജനങ്ങളോടുള്ള അടുപ്പവും കൊണ്ട് ശ്രദ്ധേയനായ കരമന ജയൻ, രാഷ്ട്രീയത്തെയും സാമൂഹ്യ സേവനത്തെയും ഒരുപോലെ ഹൃദയത്തിൽ സൂക്ഷിച്ച് മുന്നേറുന്ന വ്യക്തിത്വമാണ്.
തൻ്റെ പതിനാറാം വയസ്സിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ  പ്രവർത്തനങ്ങളിലൂടെ പൊതുജീവിതത്തിലേക്ക് കടന്നുവന്ന കരമന ജയൻ, പിന്നീട്  ഭാരതീയ ജനതാ പാർട്ടിയുടെ സജീവ പ്രവർത്തകനായി വളർന്നു.
സമർപ്പിത പ്രവർത്തനവും സംഘടനാ കഴിവും കൊണ്ട് പാർട്ടിയിൽ ശ്രദ്ധേയനായ അദ്ദേഹം ഇന്ന് ബിജെപിയുടെ തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുന്നു.
പാറശ്ശാല നിയോജക മണ്ഡലത്തിൽ നിന്ന് രണ്ട് തവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച അദ്ദേഹം, രാഷ്ട്രീയ രംഗത്ത് തന്റെ സാന്നിധ്യം ശക്തമായി രേഖപ്പെടുത്തി.

കരമന ജയൻ ബിജെപി ജില്ലാ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷം തിരുവനന്തപുരം ജില്ലയിൽ പാർട്ടിക്ക് പുതുജീവനാണ് ലഭിച്ചതെന്ന് പ്രവർത്തകർ വിശ്വസിക്കുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ പുതുമയും ഉണർവും കൊണ്ടുവന്ന അദ്ദേഹത്തിന്റെ നേതൃത്വമാണ് പാർട്ടിയുടെ വളർച്ചയ്ക്ക് ഊർജമായി മാറിയത്.
തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടാനുള്ള പോരാട്ടങ്ങളിലും അദ്ദേഹം നിർണായക പങ്ക് വഹിച്ചു.

എന്നാൽ കരമന ജയന്റെ വ്യക്തിത്വം രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിനുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ എല്ലാവരോടും സൗഹൃദം പുലർത്തുന്ന മനസ്സാണ് അദ്ദേഹത്തിന്റെ ശക്തി. ജനങ്ങളോട് അടുപ്പമുള്ള ഈ സമീപനം അദ്ദേഹത്തെ രാഷ്ട്രീയ നേതാവെന്നതിലുപരി ജനങ്ങളുടെ സ്വന്തം മനുഷ്യനാക്കി മാറ്റിയിരിക്കുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ പങ്ക് ഏറെ ശ്രദ്ധേയമാണ്. ഭാരതീയം ട്രസ്റ്റ് രൂപീകരിച്ച് അതിന്റെ ചെയർമാനായി പ്രവർത്തിക്കുന്ന കരമന ജയൻ, സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾക്ക് കരുതലായി നിലകൊള്ളുന്നു. ഭവന നിർമാണം, മംഗല്യ സഹായം, വിദ്യാഭ്യാസ സഹായം, സൗജന്യ ഡയാലിസിസ് തുടങ്ങി പതിനൊന്നോളം പദ്ധതികളിലൂടെ അനേകം കുടുംബങ്ങൾക്ക് അദ്ദേഹം കൈത്താങ്ങായി. സേവന പ്രവർത്തനങ്ങൾ ഒരു നേതാവിന്റെ ഉത്തരവാദിത്വമാണെന്ന വിശ്വാസമാണ് അദ്ദേഹത്തെ ഈ വഴിയിൽ മുന്നോട്ട് നയിക്കുന്നത്.
തിരുവനന്തപുരത്തിന്റെ വികസനമാണ് കരമന ജയന്റെ ജീവിത മന്ത്രം. തലസ്ഥാന നഗരത്തിന്റെ പുരോഗതിക്കായി നിരന്തരമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നേതാവാണ് അദ്ദേഹം. കുടിലിൽ താമസിക്കുന്നവർ മുതൽ  കൊട്ടാരങ്ങളിൽ ജീവിക്കുന്നവർ വരെ എല്ലാവരോടും ഒരുപോലെ സൗഹൃദം പുലർത്തുന്ന അദ്ദേഹത്തിന്റെ സ്വഭാവം, ജനങ്ങളിൽ അദ്ദേഹത്തോടുള്ള ആത്മബന്ധം കൂടുതൽ ശക്തമാക്കുന്നു.

രാജ്യത്തിന്റെ ആത്മീയ പൈതൃകമായ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ  ഭരണസമിതിയിൽ കേന്ദ്ര സർക്കാരിന്റെ പ്രതിനിധിയായി സേവനം അനുഷ്ഠിക്കുന്നതും അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ മറ്റൊരു ശ്രദ്ധേയമായ അധ്യായമാണ്. ഈ ഉത്തരവാദിത്വം അദ്ദേഹത്തിന്റെ വിശ്വാസ്യതയും പൊതുസ്വീകാര്യതയും വ്യക്തമാക്കുന്നു.

ജനകീയ പ്രശ്നങ്ങൾ ഉയർത്തിപ്പിടിക്കുന്ന സമരങ്ങളിലും കരമന ജയൻ മുന്നിലുണ്ട്. വിഴിഞ്ഞം തുറമുഖത്തിനു വേണ്ടിയിട്ടുള്ള ആദ്യ സമരം മുതൽ കരമന-കളയിക്കാവിള ഹൈവേ വികസനത്തിനായുള്ള സമരം വരെ നിരവധി ജനകീയ പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. നഗരത്തിന്റെ പൗരാണിക അവശേഷിപ്പുകൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള സമരവും ശ്രദ്ധേയമായി.ജനങ്ങളുടെ അവകാശങ്ങൾക്കായി പോരാടാൻ അദ്ദേഹം ഒരിക്കലും മടിച്ചിട്ടില്ല.
ഇങ്ങനെ രാഷ്ട്രീയ പ്രവർത്തനവും സാമൂഹ്യ സേവനവും സമരങ്ങളും ഒത്തുചേർന്ന ഒരു ജീവിതമാണ് കരമന ജയന്റെത്. ജനങ്ങളോടൊപ്പം നടന്നുകൊണ്ട് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് മുന്നേറുന്ന നേതാവെന്ന നിലയിൽ അദ്ദേഹം തിരുവനന്തപുരത്തിന്റെ പൊതുജീവിതത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ്.
രാഷ്ട്രീയം ഒരു അധികാര യാത്രയല്ല, ജനങ്ങളോടൊപ്പം നിൽക്കുന്ന സേവനയാത്രയാണെന്ന് തന്റെ പ്രവർത്തനങ്ങളിലൂടെ തെളിയിക്കുന്ന നേതാവാണ് കരമന ജയൻ. ജനങ്ങളോട് ചേർന്ന് നിൽക്കുന്ന ഈ യാത്ര തന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും ശ്രദ്ധേയനാക്കുന്നതും..

Leave a Reply

Your email address will not be published. Required fields are marked *