മുണ്ടക്കയം: സുഗന്ധം പരത്തുന്ന അഗർബത്തികളുടെ വൈവിധ്യമാർന്ന ശേഖരത്തിലൂടെ മുണ്ടക്കയം സ്വദേശി സി. ഇന്ദുചൂഡൻ യു.ആർ.എഫ് (Universal Records Forum) ലോക റെക്കോർഡിൽ ഇടംപിടിച്ചു. ശനിയാഴ്ച പുഞ്ചവയൽ സെന്റ് മേരീസ് എൽ.പി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച പ്രദർശനത്തിൽ 27 വിദേശ രാജ്യങ്ങളിൽ നിന്നുള്ളവ ഉൾപ്പെടെ 617 വ്യത്യസ്ത ഇനം അഗർബത്തികളാണ് പ്രദർശിപ്പിച്ചത്. യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് മുഖ്യ നിരീക്ഷകനായിരുന്നു.ഇന്ത്യയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ അക്ഷർധാം, തിരുപ്പതി, കാശി, ഗയ, വാരണാസി, മഥുര, അയോധ്യ എന്നിവിടങ്ങളിൽ നിന്നുള്ള അഗർബത്തികൾ ഇന്ദുചൂഡന്റെ ശേഖരത്തിലെ പ്രധാന ആകർഷണങ്ങളാണ്. റോസ്, സാൻഡൽ, ലാവണ്ടർ, ജാസ്മിൻ തുടങ്ങിയ സുഗന്ധങ്ങൾക്കൊപ്പം 2 ഇൻ വൺ മുതൽ 7 ഇൻ വൺ വരെയുള്ള പാക്കറ്റുകളും വിവിധ ആകൃതിയിലുള്ള തിരികളും പ്രദർശനത്തിന് മാറ്റുകൂട്ടി. പത്തര അടി ഉയരമുള്ള ഭീമൻ അഗർബത്തി മുതൽ ഒൻപത് ഇഞ്ച് മാത്രം വലുപ്പമുള്ളവയും ആറടി നീളമുള്ള പതിനഞ്ചിലധികം തിരികളും കൗതുകമുണർത്തുന്ന കാഴ്ചകളായിരുന്നു.മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എ.ജി.എം പാരാമെഡിക്കലിലെ ഗിരിജ ടീച്ചർ, സെന്റ് ജോസഫ് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് കുഞ്ഞുമോൾ ടീച്ചർ, കീബോർഡ് ആർട്ടിസ്റ്റ് സുനിൽ പ്രയാഗ്, പുഞ്ചവയൽ സെന്റ് മേരീസ് ചർച്ച് വികാരി ഫാദർ സെബാസ്റ്റ്യൻ, അന്നാമ്മ ടീച്ചർ, പഞ്ചായത്ത് മെമ്പർമാരായ പ്രശാന്ത്, ബാബുക്കുട്ടൻ എന്നിവർ സംസാരിച്ചു.
അഗർബത്തികളുടെ അപൂർവ ശേഖരവുമായി മുണ്ടക്കയം സ്വദേശി സി. ഇന്ദുചൂഡൻ ലോക റെക്കോർഡിലേക്ക്
