ജിസിസി രാജ്യങ്ങൾക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ട്: ജിസിസി-ഇയു സംയുക്ത പ്രസ്താവന

ദോഹ: മിഡിൽ ഈസ്റ്റിലെ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങൾ പരിഹരിക്കാൻ ചർച്ചകളും നയതന്ത്രവും അനിവാര്യമാണെന്ന് വ്യാഴാഴ്ച്ച നടന്ന അടിയന്തര ഗൾഫ്-യൂറോപ്യൻ മന്ത്രിതല യോഗം സംയുക്ത പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. സ്വയരക്ഷയ്ക്കുള്ള ജിസിസി രാജ്യങ്ങളുടെ അവകാശവും അവർ ഊന്നിപ്പറഞ്ഞു.ജിസിസിയിലെയും യൂറോപ്യൻ യൂണിയനിലെയും വിദേശകാര്യ മന്ത്രിമാർ, യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ-സുരക്ഷാ നയ വകുപ്പിലെ ഉയർന്ന പ്രതിനിധികൾ, യൂറോപ്യൻ കമ്മീഷൻ വൈസ് പ്രസിഡന്റ് എന്നിവരാണ് വിർച്വൽ ആയി നടന്ന അസാധാരണ യോഗത്തിൽ പങ്കെടുത്തത്. ജിസിസി രാജ്യങ്ങളെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ അന്യായമായ ആക്രമണങ്ങളെ മന്ത്രിമാർ ശക്തമായി അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ പ്രാദേശികവും ആഗോളവുമായ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇറാൻ ഉടൻ ആക്രമണങ്ങൾ നിർത്തണമെന്നും അവർ ആവശ്യപ്പെട്ടു. ജിസിസി രാജ്യങ്ങളോടുള്ള ഐക്യദാർഢ്യം യൂറോപ്യൻ യൂണിയൻ ആവർത്തിച്ചു.സാധാരണ ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയും രാജ്യാന്തര നിയമങ്ങളും രാജ്യാന്തര മാനുഷിക നിയമത്തിന്റെ സിദ്ധാന്തങ്ങളും ഐക്യരാഷ്ട്ര സഭയുടെ ചാർട്ടറിന്റെ വ്യവസ്ഥകളും പൂർണ്ണമായി പാലിക്കണമെന്നും അവർ ആഹ്വാനം ചെയ്തു. എണ്ണ സൗകര്യങ്ങൾ, സേവന കേന്ദ്രങ്ങൾ, താമസ മേഖലകൾ ഉൾപ്പെടെ സാധാരണ പൗരന്മാർ ഉപയോഗിക്കുന്ന അടിസ്ഥാന സൗകര്യങ്ങളാണ് ഇറാൻ ആക്രമണത്തിൽ ലക്ഷ്യമിട്ടത്. ഇതിലൂടെ വസ്തുനാശനഷ്ടങ്ങളും സാധാരണ ജനങ്ങളുടെ സുരക്ഷക്കും ജീവനും ഭീഷണിയും ഉണ്ടായി.ഐക്യരാഷ്ട്ര സഭ ചാർട്ടറിലെ ആർട്ടിക്കിൾ 51 പ്രകാരം, ഇറാൻ നടത്തിയ ആയുധാക്രമണങ്ങൾക്കെതിരെ വ്യക്തിപരമായും കൂട്ടായും സ്വയരക്ഷയ്ക്കുള്ള സ്വാഭാവിക അവകാശം ജിസിസി രാജ്യങ്ങൾക്കുണ്ടെന്ന് മന്ത്രിമാർ ഓർമ്മിപ്പിച്ചു. അവരുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനും മേഖലയെയും പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ജിസിസി രാജ്യങ്ങൾക്ക് അവകാശമുണ്ടെന്നും അവർ വ്യക്തമാക്കി. രാജ്യാന്തര സമാധാനവും സുരക്ഷയും പുനഃസ്ഥാപിക്കുന്നതിൽ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിലിന്റെ ഉത്തരവാദിത്വവും അവർ ഓർമ്മിപ്പിച്ചു.പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകളും നയതന്ത്രവും മാത്രമാണ് വഴിയെന്ന് അവർ വീണ്ടും വ്യക്തമാക്കി. മേഖലയിൽ സ്ഥിരതയും സുരക്ഷയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും അവർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *