സിഡ്‌നി: ഓസ്ട്രേലിയയില്‍ ഖാലിസ്ഥാന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശബ്ദിച്ചതിന് 23 കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഖാലിസ്ഥാന്‍ അനുകൂലികള്‍ ഇരുമ്പ് വടി കൊണ്ട് മര്‍ദിച്ചു. സിഡ്നിയുടെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ മെറിലാന്‍ഡ്സിലാണ് ആക്രമണം ഉണ്ടായത്. ‘ഖാലിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് അക്രമികള്‍ വിദ്യാര്‍ത്ഥിയെ ആക്രമിക്കുകയായിരുന്നു.
പാര്‍ട് ടൈം ഡ്രൈവറായി ജോലി ചെയ്യുന്ന, പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥി സംഭവം വിവരിച്ചു, ‘ഇന്ന് പുലര്‍ച്ചെ 5.30 ന്, ഞാന്‍ ജോലിക്ക് പോകുമ്പോള്‍, 4-5 ഖാലിസ്ഥാന്‍ അനുകൂലികള്‍ എന്നെ ആക്രമിച്ചു,’. തന്റെ വാഹനത്തില്‍ കയറുന്നതിനിടെയാണ് അക്രമികള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു. അക്രമികള്‍ വാഹനത്തിന്റെ ഇടതുവശത്തെ വാതില്‍ തുറന്ന് ഇടതുകണ്ണിന് തൊട്ടുതാഴെ കവിളെല്ലില്‍ ഇരുമ്പ് വടികൊണ്ട് അടിക്കുകയായിരുന്നു.
തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ബലമായി വലിച്ചിറക്കി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. അക്രമികളില്‍ രണ്ടുപേര്‍ ആക്രമണം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.
തന്നെ മര്‍ദിക്കുന്നതിനിടയില്‍, അക്രമികള്‍ തുടര്‍ച്ചയായി ‘ഖാലിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യങ്ങള്‍ വിളിച്ചെന്നും വിദ്യാര്‍ത്ഥി പറഞ്ഞു. ‘5 മിനിറ്റിനുള്ളില്‍ എല്ലാം സംഭവിച്ചു, ഖാലിസ്ഥാന്‍ വിഷയത്തെ എതിര്‍ത്തതിന് ഇത് എനിക്ക് ഒരു പാഠമാകണം എന്ന് പറഞ്ഞ് അവര്‍ പോയി,’ വിദ്യാര്‍ത്ഥി വിവരിച്ചു.
ന്യൂ സൗത്ത് വെയില്‍സ് പൊലീസാണ് പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ വെസ്റ്റ്മീഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തലയ്ക്കും കാലിനും കൈയ്ക്കും സാരമായ മുറിവേറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനുവരിയില്‍ മെല്‍ബണില്‍ ഖാലിസ്ഥാനി പ്രവര്‍ത്തകരും ഇന്ത്യാ അനുകൂലികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ഖാലിസ്ഥാന്‍ വിഘടനവാദികളുടെ വര്‍ദ്ധിച്ചുവരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള അടിക്കടിയുള്ള ആക്രമണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച ഇന്ത്യന്‍ സര്‍ക്കാര്‍ ഓസ്ട്രേലിയന്‍ അധികാരികളോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.