കോഴിക്കോട്: ഓർക്കാട്ടേരിയിൽ ഷെബിന എന്ന യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും. വടകര ഡിവൈഎസ്പി ആർ ഹരിപ്രസാദിനെ അന്വേഷണ ചുമതലയിൽ നിന്നും മാറ്റണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് മൊഴി രേഖപ്പെടുത്തുന്നത്. ഷെബിനയുടെ സഹോദരിയുടെ ഫോണും സൈബർ പൊലീസ് പരിശോധിക്കും.
ഷെബിനയുടെ ഭർത്താവ് ഹബീബിന്റെ കുടുംബം സ്വാധിനം ചെലുത്തി കേസ് അട്ടിമറിക്കാൻ ശ്രമം നടത്തുന്നുവെന്നാണ് പരാതി. ഡിവൈഎസ്പി ആർ ഹരിപ്രസാദിന്റെ അന്വേഷണത്തിലെ മെല്ലെ പോക്കിനേയും വിമർശിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും ബന്ധുക്കൾ ആവശ്യം ഉന്നയിച്ചിരുന്നു. വിമർശനം കടുത്തതോടെ ബന്ധുക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.