അഭിഭാഷകന്​ മർദനം; എസ്​.ഐ അടക്കം പൊലീസുകാർക്ക്​ ഹൈക്കോടതി നോട്ടീസ്

Breaking Kerala

കൊച്ചി: നടക്കാനിറങ്ങിയ അഭിഭാഷകനെ മർദിച്ച കേസിൽ എസ്.ഐ അടക്കമുള്ള മൂന്ന്​ പൊലീസുകാർക്ക്​ നോട്ടീസ്​ നൽകി ഹൈക്കോടതി. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ അഭിഭാഷകൻ പി. ജഗദീഷ്​ നൽകിയ ഹർജിയിലാണ് കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ അഭിഭാഷകനെ മർദിച്ചെന്ന കേസിൽ ഫറോക്ക് എസ്​.ഐ അടക്കമുള്ളവർക്ക്​ ജസ്റ്റിസ് എൻ. നഗരേഷ്​ നോട്ടീസ്​ നൽകിയത്​.

കേസിന്റെ ആവശ്യത്തിനായി നോട്ടീസ് നൽകി മാത്രമേ ഹർജിക്കാരനെ വിളിപ്പിക്കാവൂവെന്നും കോടതി നിർദേശിച്ചു. ഒക്ടോബർ ഒന്നിനും ഒമ്പതിനുമായി രണ്ടുതവണ തനിക്കെതിരെ പൊലീസിന്റെ അതിക്രമം ഉണ്ടായെന്നാണ് ഹർജിക്കാരന്‍റെ ആരോപണം. റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിൽവെച്ച് കക്ഷിയുമായി സംസാരിക്കുമ്പോഴായിരുന്നു ആദ്യതവണ പൊലീസിന്റെ അതിക്രമമുണ്ടായത്​. റോഡിൽവെച്ച് കലഹമുണ്ടാക്കാൻ ശ്രമിച്ചെന്ന്​ ആരോപിച്ചായിരുന്നു സംഭവം. ഭാര്യയും ഒപ്പമുണ്ടായിരുന്നു. രാത്രി നടക്കാനിറങ്ങിയപ്പോഴാണ്​ രണ്ടാമത്​ പൊലീസ്​ അതിക്രമത്തിനിരയായത്​. പൊലീസ്​ മേധാവിക്ക്​ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *