പ്രവാസി ക്ഷേമ പെൻഷൻ നൽകാൻ 32 കോടി രൂപ അനുവദിച്ചു; കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്കും ഉല്‍സവബത്ത

പ്രവാസി ക്ഷേമനിധി ബോർഡ് വഴി പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ചു. ഓണത്തിനു മുന്നോടിയായി പെൻഷൻ തുക പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കെത്തും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവാസി ക്ഷേമനിധി ബോർഡിന്റെ പെൻഷൻ ഫണ്ട് വകമാറ്റി ചെലവഴിച്ചതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പെൻഷൻ വിതരണത്തിൽ കുടിശ്ശികയ്ക്ക് കാരണമായത് എന്ന് വിമർശനം ഉണ്ടായിരുന്നു. കുടിശിക തുക അനുവദിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി നേരിട്ട് നിർദേശം നൽകി.

സംസ്ഥാനത്ത് ഓണാഘോഷത്തിൻ്റെ ഭാഗമായി കെഎസ്ആര്‍ടിസിയിലെ ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉല്‍സവബത്ത അനുവദിച്ചതായി ഗതാഗത മന്ത്രി സിപി ജോണ്‍ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ബസ് വാഷിങ് ജീവനക്കാര്‍ക്ക് ഉത്സവ ബത്ത അനുവദിക്കുന്നത്. 1000 രൂപ ഓണം അലവന്‍സ് നല്‍കാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സ്ഥിരം ജീവനക്കാര്‍ക്കും താല്‍ക്കാലിക ജീവനക്കാര്‍ക്കും പുറമേ ഇത്തവണ പെന്‍ഷന്‍കാര്‍ക്കും ഉത്സവ ബത്ത നല്‍കാനുള്ള നടപടി ഗതാഗത വകുപ്പ് നേരത്തെ സ്വീകരിച്ചിരുന്നു. എന്നാല്‍, കോര്‍പറേഷനിലെ അടിസ്ഥാന വിഭാഗമായ ബസ് വാഷിങ് ജീവനക്കാരെക്കൂടി ചേര്‍ത്ത് നിര്‍ത്തേണ്ടതുണ്ട് എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനമെന്ന് മന്ത്രി അറിയിച്ചു. 2019ന് ശേഷമാണ് ഇത്തവണ പെന്‍ഷന്‍കാര്‍ക്കും ഉത്സവ ബത്ത നല്‍കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *