നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ അപകടക്കേസിലെ ഒന്നാം പ്രതി സുഹൈൽ സജീവിനെ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യം കോടതി തള്ളി. കാക്കനാട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് നൽകിയ ഹർജി അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വ്യാഴാഴ്ചയാണ് തള്ളിയത്.
18നും 21നും ഇടയിൽ പ്രായമുള്ള തടവുകാരെ പാർപ്പിക്കുന്ന ബോസ്റ്റൽ സ്കൂളിൽ കഴിയുന്ന സുഹൈലിനെ സുരക്ഷാ കാരണങ്ങളാൽ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി പരിശോധിച്ച മജിസ്ട്രേറ്റ് എം.കെ. സംയുക്ത ആവശ്യം നിരസിച്ചു. സുഹൈലിനെ ബോസ്റ്റൽ സ്കൂളിൽ പ്രവേശിപ്പിച്ച നടപടിക്കെതിരേ നേരത്തേ വിമർശനമുയർന്നിരുന്നു.
പ്രതികളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി നേരത്തേ തള്ളിയിരുന്നു. ഇതേ തുടർന്ന് പ്രതികൾ എറണാകുളം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
