പണമടങ്ങിയ ബാഗ് തിരിച്ചേൽപ്പിച്ച ഡ്രൈവറെ കണ്ടെത്തി എസ്.എൻ.ഡി.പി യൂണിയൻ

സത്യസന്ധതയ്ക്ക് ആദരം; ജയന്തി ഘോഷയാത്രയുടെ വേദിയിൽ ഓട്ടോഡ്രൈവറെ ആദരിക്കും

പറവൂർ: ശ്രീനാരായണ ജയന്തി ഘോഷയാത്രയ്ക്കിടെ യാത്രക്കാർ ഓട്ടോറിക്ഷയിൽ മറന്നുവെച്ച മൂന്ന് ലക്ഷം രൂപ അടങ്ങിയ ബാഗ് തിരികെ ഏൽപ്പിച്ച സത്യസന്ധനായ ഓട്ടോഡ്രൈവറെ നീണ്ട അന്വേഷണത്തിനൊടുവിൽ കണ്ടെത്തി എസ്.എൻ.ഡി.പി യോഗം നോർത്ത് പറവൂർ യൂണിയൻ.

ബാഗ് യൂണിയൻ ഓഫീസിൽ തിരിച്ചെത്തിച്ചപ്പോൾ ഡ്രൈവർ തന്റെ പേരോ മറ്റ് വിവരങ്ങളോ പറയാതെ മടങ്ങുകയായിരുന്നു. തുടർന്ന് സത്യസന്ധനായ ആ മനുഷ്യനെ കണ്ടെത്തുന്നതിനായി യൂണിയൻ നേതൃത്വം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡ്രൈവറെ കണ്ടെത്തിയത്.

പറവൂരിൽ ആയിരങ്ങൾ പങ്കെടുത്ത ശ്രീനാരായണ ജയന്തി ഘോഷയാത്രയ്ക്കിടെയാണ് സംഭവം. യൂണിയൻ ഓഫീസിൽ നിന്ന് സമ്മേളന നഗരിയിലേക്ക് വരികയായിരുന്ന രണ്ട് ജീവനക്കാരാണ് പണമടങ്ങിയ ബാഗ് ഓട്ടോറിക്ഷയിൽ മറന്നുവെച്ചത്.

സമ്മേളന വേദിയിലേക്ക് നൽകാനുള്ള പൂച്ചെണ്ടുകൾക്കും നിലവിളക്ക് തെളിയിക്കുന്നതിനുള്ള സാധനങ്ങൾക്കും കൂടാതെ ഇരുന്നൂറോളം വിദ്യാർഥി പ്രതിഭകൾക്ക് നൽകാനുള്ള ക്യാഷ് അവാർഡുകൾക്കും മറ്റ് പരിപാടി ചെലവുകൾക്കുമായി കരുതിയിരുന്ന മൂന്ന് ലക്ഷം രൂപയായിരുന്നു ബാഗിലുണ്ടായിരുന്നത്.

സമ്മേളന വേദിക്ക് സമീപം ഓട്ടോറിക്ഷ നിർത്തി മറ്റ് സാധനങ്ങൾ ഇറക്കിവെച്ച ശേഷം ഓട്ടോ ചാർജ് നൽകി ഡ്രൈവറെ യാത്രയാക്കി. പിന്നീട് ബാഗ് ഓട്ടോറിക്ഷയിൽ തന്നെ മറന്നുവെച്ചതായി ശ്രദ്ധയിൽപ്പെട്ടതോടെ സംഘാടകരും യൂണിയൻ പ്രവർത്തകരും ചേർന്ന് ഓട്ടോ സ്റ്റാൻഡുകളിലും മറ്റും വ്യാപകമായി അന്വേഷണം നടത്തി.

അതിനിടെയാണ് ഓട്ടോഡ്രൈവർ യൂണിയൻ ഓഫീസിലെത്തി പണമടങ്ങിയ ബാഗ് സുരക്ഷിതമായി തിരിച്ചേൽപ്പിച്ചത്. എന്നാൽ തന്റെ പേര് പോലും വെളിപ്പെടുത്താതെ അദ്ദേഹം മടങ്ങുകയായിരുന്നു.

മാതൃകാപരമായ സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയും കാഴ്ചവച്ച ഓട്ടോഡ്രൈവറെ കണ്ടെത്തി ആദരിക്കുകയാണ് എസ്.എൻ.ഡി.പി യോഗം നോർത്ത് പറവൂർ യൂണിയൻ. വരാനിരിക്കുന്ന ശ്രീനാരായണ ജയന്തി ഘോഷയാത്രയുടെ ഭാഗമായി നടക്കുന്ന സമ്മാനദാന സമ്മേളനത്തിന്റെ വലിയ വേദിയിൽ അദ്ദേഹത്തെ പൊതുസമൂഹത്തിന്റെ സാന്നിധ്യത്തിൽ ആദരിക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

സത്യസന്ധതയ്ക്ക് വിലയുണ്ടെന്നും നന്മയും മാനവികതയും ഇന്നും സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നുവെന്നുമുള്ള സന്ദേശമാണ് ഈ സംഭവത്തിലൂടെ നൽകുന്നതെന്നും യൂണിയൻ നേതൃത്വം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *