കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ ഇടിച്ച് മൂന്നുപേർ മരിച്ച കേസിലെ പ്രതി സുഹൈൽ സജീവന് പരമാവധി ശിക്ഷ ഉറപ്പാക്കാൻ പോലീസ് എല്ലാക്കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ശക്തമായ നടപടികളാണ് കേസിൽ സർക്കാർ സ്വീകരിക്കുന്നത്. പ്രതികൾക്ക് രക്ഷപെടാനുള്ള യാതൊരു നടപടിയും ഉണ്ടാകില്ല. മൂന്നുകുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ട സംഭവം ലാഘവത്തോടെ കാണാനാകില്ല. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയം കാണരുതെന്നും, അനാവശ്യ പ്രചാരണങ്ങൾ നടത്തരുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസിൽ യാതൊരു ആശങ്കയും വേണ്ട. പ്രതികൾക്കെതിരെ ശക്തമായ നടപടി എടുക്കും. മരണപ്പെട്ടവരുടെ വീട്ടുകാരുമായി സംസാരിക്കാനടക്കം കേസിൻ്റെ മേൽനോട്ട നടപടികൾക്കായി നിശാന്തിനി ഐപിഎസിനെ നിയോഗിച്ചിട്ടുണ്ട്. ഡിവൈഎസ്പി ബിജു പൗലോസിൻ്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കുകയാണ്. സർക്കാർ വളരെ ശക്തമായ നടപടിയാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം, കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കേസില് ഒന്നാം പ്രതി സുഹൈല് സജീവ് മദ്യപിച്ചെന്ന് അറിഞ്ഞിട്ടും വാഹനമോടിക്കാന് പ്രേരിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായ 2,3,4 പ്രതികളായ നിനവ്, ജോയല്, അമീര് എന്നിവരുടെ ജാമ്യാപേക്ഷയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചത്. ഇതില് ഇന്ന് കോടതി വിധി പറയും. 23 വയസ്സില് താഴെയുള്ള പ്രതികള്ക്ക് മദ്യം നൽകിയതിന് ബാറുകളുടെ ലൈസന്സ് റദ്ദാക്കാതിരിക്കാതിരിക്കാന് 7 ദിവസത്തിനകം തീരുമാനമെടുക്കാന് എക്സൈസ് കമ്മീഷണര്ക്ക് ഹൈക്കോടതി നിര്ദേശവും നല്കി.
ഞായറാഴ്ച പുലർച്ചെ 1.30-ഓടെയാണ് മൂന്നു പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടമുണ്ടായത്. കർണാടകയിലെ കുടക് സ്വദേശി ഇയ്യാസ്, വയനാട് സ്വദേശി ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശി ഗോപിക എന്നിവർ സഞ്ചരിച്ച സ്കൂട്ടറിലേക്ക് സുഹൈൽ ഓടിച്ച മിനികൂപ്പർ ഇടിച്ചുകയറുകയായിരുന്നു. വിമാനത്താവള റോഡിലെ കഫേയിൽനിന്ന് ചായ കുടിച്ച് മടങ്ങുന്നതിനിടെയാണ്അപകടം.
