മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗങ്ങളുടെ സമ്മതമില്ലാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എടുത്ത തീരുമാനങ്ങൾ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ ഹർജി. ഇത്തരം നടപടികൾ കൂട്ടായ തീരുമാനമെടുക്കൽ സംബന്ധിച്ച നിയമപരമായ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠിയാണ് ഹർജി സമർപ്പിച്ചത്. പൂർണ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അനുമതിയില്ലാതെയോ കമ്മിഷനിലെ ഭൂരിപക്ഷ അഭിപ്രായത്തിന് വിരുദ്ധമായോ എടുത്ത തീരുമാനങ്ങൾ ഭരണഘടനാവിരുദ്ധവും അസാധുവുമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം.
ആവശ്യമായ അനുമതിയില്ലാതെ എടുത്ത തീരുമാനങ്ങൾ ചോദ്യം ചെയ്യുന്നതിനൊപ്പം ഔദ്യോഗിക കർത്തവ്യ ലംഘനവുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ പ്രകാരം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരേ ക്രിമിനൽ നടപടി എടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പേരിൽ എടുത്തതായി പറയപ്പെടുന്ന വിവിധ തീരുമാനങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം എതിർപ്പ് അറിയിച്ചെന്ന മാധ്യമ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഹർജി.
