ഡോം ഖത്തർ ലേഡീസ് വിങ് സംഘടിപ്പിച്ച ‘വുമൺസ് കണക്റ്റ് 2026’ ശ്രദ്ധേയമായി.

ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) ഖത്തർ ലേഡീസ് വിങിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘വുമൺസ് കണക്റ്റ് 2026’ വൈവിധ്യമാർന്ന പരിപാടികളോടെ ശ്രദ്ധേയമായി. ലേഡീസ് വിങിന്റെ പുതിയ കമ്മിറ്റി രൂപീകരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഗമത്തിൽ വനിതകളുടെ പങ്കാളിത്തവും നേതൃത്വപാടവവും പ്രോത്സാഹിപ്പിക്കുന്ന വിവിധ പരിപാടികൾ അരങ്ങേറി.
ഹമദ് മെഡിക്കൽ കോർപ്പറേഷനിലെ നഴ്‌സ് എഡ്യൂക്കേറ്റർ സലീന കൂലാത്ത് നയിച്ച സ്തനാർബുദ ബോധവത്കരണ സെഷൻ, അധ്യാപിക നബ്ഷ മുജീബ് നയിച്ച ടൈം മാനേജ്മെന്റ് ക്ലാസ്, ക്വിസ് മത്സരം, സൗഹൃദ സംഗമം, വിവിധ വിനോദപരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി നടന്നു. അറിവും ബോധവത്കരണവും വിനോദവും സൗഹൃദവും ഒത്തുചേർന്ന സംഗമം പങ്കെടുത്തവർക്ക് വേറിട്ട അനുഭവമായി.

പുതിയ ഭാരവാഹികളായി ജുനൈബ സൂരജ് പ്രസിഡന്റ്, നുസൈബ അബ്ദുൽ അസീസ് ജനറൽ സെക്രട്ടറി, ദീപ്തി ശരത് ട്രഷറർ എന്നിവരെയും സെക്രട്ടേറിയറ്റ്, മാനേജിങ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.
സംഘടനാപ്രവർത്തനങ്ങളിലൂടെ വനിതകളുടെ നേതൃത്വപാടവം, സംഘാടനമികവ്, തീരുമാനമെടുക്കാനുള്ള കഴിവ്, ഏകോപനം, അവതരണശേഷി എന്നിവ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യവും സംഗമം മുന്നോട്ടുവെച്ചു. ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് പ്രവർത്തിക്കുന്നതിലൂടെ വ്യക്തിപരമായും തൊഴിൽപരമായും കൂടുതൽ മികവ് കൈവരിക്കാനാകുമെന്ന സന്ദേശവും പരിപാടി പങ്കുവെച്ചു.
പരിപാടിയുടെ ഏകോപനം ഷംല ജഹ്ഫർ നിർവഹിച്ചു. സൗമ്യ പ്രദീപ്, പ്രീതി ശ്രീധർ, റസിയ ഉസ്മാൻ, ജുനൈബ സൂരാജ്, നുസൈബ അസീസ്, റുഫ്സ ഷമീർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ചീഫ് അഡ്വൈസർ മഷൂദ് തിരുത്തിയാട്, ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട്, വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ്, അഡ്വൈസറി അംഗം മൈമൂന സൈനുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.

Leave a Reply

Your email address will not be published. Required fields are marked *