തൃശൂർ: വ്യക്തിഗത ഇനത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയവരുടെ സംഘടനയായ അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് ആഗ്രഹ് സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ നോൺ ബ്രേക്കബിൾ ഗിന്നസ് വേൾഡ് റെക്കോർഡ് (എൻ.ബി.ജി.ആർ.) പുരസ്കാരം പ്രശസ്ത സിനിമാതാരം ഗിന്നസ് പക്രുവിന് സമ്മാനിക്കും. മുഴുനീള സിനിമയിൽ നായകനായി അഭിനയിച്ച ഏറ്റവും ഉയരം കുറഞ്ഞ വ്യക്തി എന്ന ഗിന്നസ് ലോക റെക്കോർഡ് നേട്ടം കൈവരിച്ച പക്രു, ഇന്നുവരെ മറ്റാരാലും ഈ റെക്കോർഡ് മറികടക്കപ്പെടാത്തതിനാലാണ് പുരസ്കാരത്തിന് അർഹനായത്.
പത്തുവർഷത്തിലധികമായി ലോകത്ത് മറികടക്കപ്പെടാതെ നിലനിൽക്കുന്ന മലയാളികളായ ഗിന്നസ് റെക്കോർഡുകാരെ ആദരിക്കുന്നതിനാണ് ആഗ്രഹ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. അത്ഭുതദ്വീപ് എന്ന മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ 2008-ൽ “ ഷോട്ടസ്റ്റ് ആക്ടർ ഇൻ എ ലീഡിങ് റോൾ ” എന്ന വിഭാഗത്തിലാണ് ഗിന്നസ് പക്രു റെക്കോർഡ് നേട്ടം കൈവരിച്ചത്.
2026 ഒക്ടോബർ 24 ശനിയാഴ്ച രാവിലെ തൃശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സിന്റെ പതിനൊന്നാമത് വാർഷിക സംഗമത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
ആഗ്രഹ് പ്രസിഡന്റ് സത്താർ ആദൂർ, സെക്രട്ടറി സുനിൽ ജോസഫ്, ട്രഷറർ പ്രിജേഷ് കണ്ണൻ, കോഡിനേറ്റർ അശ്വിൻ വഴുവേലിൽ എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
എം.എൽ.എമാരായ അഡ്വ. കെ. രാജൻ, രാജൻ ജെ. പല്ലൻ, മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡെപ്യൂട്ടി മേയർ എ. പ്രസാദ്, കൗൺസിലർ പൂർണിമ ജയറാം എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും.
