സംസ്ഥാനത്ത് അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്കും ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മദ്യപിച്ച് വാഹനമോടിക്കുക, പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വാഹനം നല്‍കുക തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്കുന്ന രക്ഷിതാക്കള്‍ക്കെതിരെയും കര്‍ശന നിയമനടപടികള്‍ ഉണ്ടാകും. ജുവനൈല്‍ ജസ്റ്റിസ് ആക്ട് നല്കുന്ന സംരക്ഷണത്തിന്റെ മറവില്‍ എന്തുമാകാമെന്ന് ആരും കരുതേണ്ടതില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നല്കി. ഇത്തരം കാര്യങ്ങള്‍ ഇനിമുതല്‍ അനുവദിക്കില്ല. ജുവനൈല്‍ ജസ്റ്റിസ് ആക്ട് നല്കുന്ന സംരക്ഷണം ഉണ്ടെന്നതുകൊണ്ട് എന്ത് കുറ്റം ചെയ്താലും രക്ഷപ്പെടാമെന്ന് വിചാരിക്കരുത്. ആവശ്യമെങ്കില്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികള്‍ക്ക് വാഹനം കൈമാറരുതെന്ന് രക്ഷിതാക്കളോട് അദ്ദേഹം കര്‍ശനമായി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രതികരണം. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതും, അതില്‍ തന്നെ ചിലര്‍ മദ്യപിച്ച അവസ്ഥയിലായിരുന്നതും അടുത്തിടെ സംസ്ഥാനത്ത് നടന്ന പല ദാരുണ മരണങ്ങള്‍ക്കും കാരണമായിരുന്നു. മദ്യപിച്ചോ ലഹരിവസ്തുക്കള്‍ ഉപയോഗിച്ചോ വാഹനമോടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മദ്യപിച്ചുള്ള ഡ്രൈവിങ് തടയാന്‍ സംസ്ഥാനത്തുടനീളം പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ പ്രത്യേക പരിശോധനകള്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.
