തലശ്ശേരി ജില്ലാ കോടതിയില്‍ നൂറോളം ജീവനക്കാര്‍ക്ക് സിക വൈറസ് ബാധിച്ചെന്ന് സൂചന

Breaking Kerala

കണ്ണൂര്‍: തലശ്ശേരി ജില്ലാ കോടതിയില്‍ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കുമുള്‍പ്പെടെ നൂറോളം പേര്‍ക്ക് സിക വൈറസ് ബാധയെന്ന് സൂചന.കോടതിയില്‍ രോഗലക്ഷണങ്ങളുണ്ടായ ഒരാള്‍ക്ക് സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്ബിളുകളില്‍ ഒരാളുടെ പരിശോധന ഫലമാണ് ലഭിച്ചത്.

മറ്റുള്ളവര്‍ക്കും സിക വൈറസ് ബാധ തന്നെയായിരിക്കുമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൂടുതല്‍ പരിശോധന ഫലം പുറത്തുവന്നാല്‍ മാത്രമെ ഇക്കാര്യം സ്ഥിരീകരിക്കാനാകു. ഒരാളില്‍ സിക വൈറസ് സ്ഥിരീകരിച്ചതോടെ കൂടുതല്‍ പേരെ പരിശോധിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. കൊതുക് പരത്തുന്ന രോഗമാണ് സിക.

നൂറോളം പേര്‍ക്കാണ് പനിയും കണ്ണിന് ചുവപ്പും ദേഹത്ത് ചുവന്ന പാടുകളും ഉണ്ടായത്. സിക വൈറസിന്റെ ലക്ഷണങ്ങള്‍ തന്നെയാണ് ഇതെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗമാണ് സിക വൈറസ് രോഗം. തലവേദന, പനി, പേശിവേദന, കണ്ണുവീക്കം, ചര്‍മ്മത്തില്‍ ചുവന്ന പാടുകള്‍, ചെങ്കണ്ണ്, സന്ധിവേദന തുടങ്ങിയ ഡെങ്കിപ്പനിയോട് സാദൃശ്യമുള്ള ലക്ഷണങ്ങളാണ് രോഗത്തിനുള്ളത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മുതലാണ് പലര്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടായത്. രോഗലക്ഷണങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലാണ് കഠിനമായത്. സംഭവത്തെതുടര്‍ന്ന് മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധനക്കായി സാമ്ബിള്‍ ശേഖരിക്കുകയായിരുന്നു. ജഡ്ജിക്കുള്‍പ്പെടെ ശാരീരിക പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് മൂന്ന് കോടതികള്‍ രണ്ട് ദിവസം പ്രവര്‍ത്തിച്ചില്ല. മറ്റ് കോടതികളില്‍ എത്തിയവര്‍ക്കും രോഗ ലക്ഷണങ്ങളുണ്ട്. ആര്‍ക്കും ഗുരുതര പ്രശ്‌നങ്ങളില്ലെന്നത് മാത്രമാണ് ആശ്വാസകരമായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *