തൃക്കരിപ്പൂര്‍: യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ രേഖ കേസിലെ മുഖ്യസൂത്രധാരന്‍ ജെയ്‌സണ്‍ തോമസ് ഒളിവില്‍.
തൃക്കരിപ്പൂര്‍ ഈസ്റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെയ്‌സണ്‍ തോമസാണ് മദര്‍ കാര്‍ഡ് ഉപയോഗിച്ച് വ്യാജ കാര്‍ഡുകളുടെ നിര്‍മ്മാണം തുടങ്ങിയതെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ നിര്‍ണായക തെളിവ് ലഭിച്ചതിന് പിന്നാലെ അന്വേഷണം വ്യാപിച്ചപ്പോള്‍ ഒളിവില്‍ പോവുകയായിരുന്നു.
അതേസമയം കേസില്‍ അറസ്റ്റിലായ നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കിയ സിജെഎം കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്നാണ് പൊലീസിന്റെ തീരുമാനം. അന്വേഷണത്തില്‍ വ്യക്തമായ ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നിലപാട്.
അതേസമയം ഇവര്‍ നാല് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യപ്പെട്ടാല്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാകാനും നിര്‍ദ്ദേശമുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ അബി വിക്രം, ഫെന്നി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നിവര്‍ക്കാണ് കോടതി ഇടക്കാലജാമ്യം അനുവദിച്ചത്. തുറന്ന കോടതിയില്‍ കേസ് കേള്‍ക്കുന്നതിനു വേണ്ടിയാണ് ജാമ്യം നല്‍കിയത്. ഉപാധികളോടെയാണ് നാലുപ്രതികള്‍ക്കും ഇടക്കാല ജാമ്യം നല്‍കിയത്. ഇന്ന് 11 മണിക്ക് നാല് പ്രതികളും കോടതിയില്‍ ഹാജരാകണം.
അഭി വിക്രം യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളാണ് പിടിയിലായത്.
ഇവരിൽ നിന്നു വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു.
അഭി വിക്രമിന്റെ ലാപ് ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയെന്നാണ് സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമായിരിക്കും പൊലീസിന്റെ തുടർ നടപടികൾ.