വനിതാസംവരണ ബില്ല്‌: ചർച്ച ഇന്ന്‌

National

കോൺഗ്രസ് നിരയിൽ നിന്നും സോണിയാഗാന്ധിയാണ് ചർച്ച തുടങ്ങുക.
ലോക്സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകളിൽ 15 വര്‍ഷത്തേക്കാവും വനിതാ സംവരണം.

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭകളിലും വനിതാ സംവരണം ഉറപ്പ് വരുത്തുന്ന ബില്ല് ലോക്‌സഭ ഇന്ന് ചർച്ച ചെയ്യും. സെൻസസിനു ശേഷം സംവരണം നടപ്പിലാക്കുമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയതിനാൽ നിയമമായാലും അടുത്തെങ്ങും നടപ്പാകില്ലെന്നും ഉറപ്പായി. ലോക്‌സഭയിലെ ബില്ലിന്മേൽ കോൺഗ്രസ് നിരയിൽ നിന്നും സോണിയ ഗാന്ധി ചർച്ച തുടങ്ങും.

ലോക്സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകളിൽ 15 വർഷത്തേക്കാണ് വനിതാ സംവരണം. പാർലമെന്റിന് നിയമനിർമ്മാണത്തിലൂടെ ഈ സംവരണ കാലാവധി നീട്ടാം. മണ്ഡല പുനർനിർണയത്തിന് ശേഷം മാത്രമായിരിക്കും വനിതാ സംവരണം നടപ്പാക്കുക. ഭരണഘടനാ ഭേദഗതി പാർലമെന്റ് അംഗീകരിച്ച ശേഷമുള്ള ആദ്യ സെൻസസിന്റെ വിവരങ്ങളടെ അടിസ്ഥാനത്തിലാകും മണ്ഡല പുനർനിർണയം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് നേരിടാനുള്ള ബി.ജെ.പി പ്രചാരണആയുധം എന്നതിന് ഉപരി നിയമം നടപ്പാക്കാനുള്ള സാധ്യത തീരെ കുറവാണ്.

വനിതാ സംവരണമായി മാറിയ മണ്ഡലങ്ങൾ അടുത്ത മണ്ഡല പുനർനിർണയം വരെ അതേ നിലയിൽ തുടരും. ഓരോ പുനർനിർണയത്തിന് ശേഷവും വനിതാ സംവരണ മണ്ഡലങ്ങൾ ഊഴമിട്ട് മാറും. പട്ടികജാതി പട്ടിക വർഗ മണ്ഡലങ്ങൾക്കും വനിതാ സംവരണം ബാധകമായിരിക്കും. നിലവിലെ പട്ടിക ജാതി പട്ടിക വർഗ മണ്ഡലങ്ങളിലെ വനിതാ സംവരണം കൂടി ചേർത്താണ് മൂന്നിലൊന്ന് സംവരണ മണ്ഡലങ്ങൾ. ഡൽഹിയുടെ പ്രത്യേകവ്യവസ്ഥകൾ വിശദമാക്കുന്ന 239 എഎ അനുച്ഛേദത്തിൽ മാറ്റംവരുത്തിയാണ് ഡൽഹി നിയമസഭയിൽ വനിതാ സംവരണം ഉറപ്പിക്കുന്നത്. സമാജ് വാദി പാർട്ടിയും കോൺഗ്രസും ഉന്നയിക്കുന്നത് പട്ടിക ജാതി പട്ടിക വർഗ്ഗത്തിൽ പെട്ട സ്ത്രീകൾക്ക് പുറമെ, ഒബിസി വിഭാഗത്തിലെ സ്ത്രീകൾക്കും ഉപസംവരണം വേണമെന്ന ആവശ്യമാണ്. ഈ ആവശ്യത്തെ ബിൽ അംഗീകരിക്കുന്നില്ല . ഭേദഗതിക്കായി നീങ്ങുമെങ്കിലും തത്വത്തിൽ എസ്പി, ബില്ലിനെ അംഗീകരിക്കുന്നുണ്ട് . ഇതോടെ ഇന്ന് തന്നെ ലോക്‌സഭയിലും നാളെ രാജ്യസഭയിലും ബില്ല് പാസാകാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *