വയനാടിനോട് അനീതി തുടർന്ന് കേന്ദ്രം. പുനരധിവാസ പ്രവർത്തനങ്ങൾ പുരോഗമിക്കവേ സാമ്പത്തിക സഹായം സംസ്ഥാനം പ്രതീക്ഷിച്ചെങ്കിലും ബഡ്ജറ്റ് പ്രഖ്യാപനവുമുണ്ടായില്ല. 2000 കോടിയുടെ പ്രത്യേക പാക്കേജായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. വന്യമൃഗ പ്രതിരോധ പ്രവർത്തനങ്ങൾക്കും നഷ്ടപരിഹാരത്തിനുമുള്ള സാമ്പത്തിക സഹായവും കേരളത്തിനില്ല.
പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിച്ച വാഗ്ദാനങ്ങളിൽ നടപടിയില്ലാതെ പിന്നിട്ടത് ആറുമാസം. ബജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷിച്ചെങ്കിലും അതുമില്ല. മുണ്ടക്കൈ ചൂരൽ മല ദുരന്തബാധിതരോട് ക്രൂര നിലപാട് തുടരുകയാണ് കേന്ദ്രം. സ്ഥിര പുനരധിവാസ പദ്ധതിക്ക് ടൗൺഷിപ്പ് രൂപരേഖയാവുകയും നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ ശ്രമം തുടരുമ്പോഴുമാണ് സാമ്പത്തിക സഹായം അനിവാര്യമായ ഘട്ടത്തിലെ തിരിച്ചടി.
2000 കോടി രൂപയുടെ സമഗ്രവും സൂക്ഷ്മവുമായ പുനരധിവാസ പാക്കേജിൽ ഒരു തീരുമാനവുമില്ലാതെയാണ് ബജറ്റ് പ്രഖ്യാപനം അവസാനിച്ചത്. കഠിന ദുഖം മറികടന്നെത്തിയവർ പുതിയ പ്രതീക്ഷകളിലേക്ക് കടക്കാനിരിക്കെയാണ് 298 പേർ മരിച്ച ദാരുണ ദുരന്തത്തിൽ കേന്ദ്രത്തിന്റെ സഹായ നിഷേധം.
അതി ശക്ത പ്രതിഷേധത്തിനൊടുവിലാണ് അതിതീവ്ര ദുരന്തമായിപ്പോലും പരിഗണിക്കാതിരുന്ന കേന്ദ്രം നിലപാട് തിരുത്തിയത്. ഐ എം സി ടി പരിശോധിച്ച് അതി തീവ്രദുരന്തം എന്ന് സാക്ഷ്യപ്പെടുത്തിയിട്ടും അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് ദേശീയദുരന്തമായി പ്രഖ്യാപിച്ചത്. ദുരന്ത നിവാരണ നിയമമനുസരിച്ച് പ്രദേശത്തുകാരുടെ കടം എഴുതിതള്ളാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സാധിക്കുമെങ്കിലും അതിലും ദുരന്തബാധിതരെ അവഗണിക്കുകയാണ് കേന്ദ്രം. മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കുന്നതിനായി 1,000 കോടിയുടെ പ്രത്യേക പാക്കേജ് ആവശ്യവും പരിഗണിക്കപ്പെട്ടില്ല. ഇതും വയനാടിനെ പ്രത്യക്ഷത്തിൽ ബാധിക്കും.