കോഴിക്കോട്: സമസ്ത നേതാവിന്റെ പരാമർശത്തിനെതിരെ തട്ടം നീക്കി പ്രതിഷേധവുമായി എഴുത്തുകാരി വി.പി.സുഹറ. നല്ലളം സ്കൂളിൽ വെച്ച് കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് പ്രതിഷേധം. പരിപാടിയിലെ അതിഥി ആയിരുന്നു വി.പി.സുഹറ. ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്ന് വി.പി സുഹറ ആരോപിച്ചു.
‘ഈ നൂറ്റാണ്ടിലും സ്ത്രീകളുടെ തട്ടം മാറിയോ എന്ന് നോക്കുന്നവരാണ് ഇക്കൂട്ടർ. സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇവർക്ക് ആവലാതി ഇല്ല. ഉമർ ഫൈസി മുക്കം നടത്തിയ പ്രസ്താവന സ്ത്രീ വിരുദ്ധമാണ്. അതിന് എതിരെ മനുഷ്യാവകാശ കമ്മീഷനെയും വനിതാ കമ്മീഷനെയും സമീപിക്കും’ വി.പി സുഹറ പ്രതികരിച്ചു. അതേസമയം പിടിഎ പ്രസിഡൻ്റ് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സുഹറ നല്ലളം പോലീസിൽ പരാതി നൽകി.