‘വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന് ആധാർ വേണമെന്ന ഹർജി ’; ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ

Breaking Kerala

കൊച്ചി: വാഹനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുടെ അഭിപ്രായം തേടി ഹൈക്കോടതി.

വാഹനത്തിന്റെ ഉടമസ്ഥാവകാശം സ്ഥിരീകരിക്കുന്നതിനും തട്ടിപ്പുകൾ തടയുന്നതിനും ആധാർ പരിശോധന നിർബന്ധമാക്കുന്നതിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുടെ അഭിപ്രായം കേരള ഹൈക്കോടതി തേടിയത്.

യുവതി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നടപടി. തന്റെ സമ്മതമില്ലാതെ തന്റെ വാഹനത്തിന്റെ ഉടമസ്ഥാവകാശം വ്യാജ ഒപ്പിട്ട് ഭർത്താവ് സ്വന്തമാക്കിയെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചത്.

പരിവാഹൻ വെബ്‌സൈറ്റിൽ, ഒരു വാഹനത്തിന്റെ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ് കൈവശമുള്ള ആർക്കും വാഹനത്തിന്റെ ഉടമസ്ഥാവകാശം യഥാർഥ ഉടമയുടെ പേരിൽനിന്ന് സ്വന്തം പേരിലേക്ക് മാറ്റാമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിന് ഒടിപി നമ്പർ മാത്രമാണ് ആവശ്യം. ഉടമയുടെ അറിവില്ലാതെ ലിങ്ക് ചെയ്‌ത ഫോൺ നമ്പർ മാറ്റാനും കഴിയും. ഫോം 29, 30 എന്നിവയിലെ ഒപ്പ് യഥാർഥമാണോ എന്ന് ഉറപ്പുവരുത്താൻ ഒരു സംവിധാനവും സ്വീകരിച്ചിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.

1989ലെ സെൻട്രൽ മോട്ടർ വാഹന നിയമപ്രകാരം വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റത്തിന് ആവശ്യമായ ഫോം 29, 30 എന്നിവയിൽ ഭർത്താവ് തന്റെ ഒപ്പ് വ്യാജമായി നിർമിച്ചാണ് ഉടമസ്ഥാവകാശ കൈമാറ്റം പൂർത്തിയാക്കിയതെന്ന് അവർ പറഞ്ഞു.

അതിനാൽ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട എന്തെങ്കിലും മാറ്റങ്ങൾ/തിരുത്തലുകൾ എന്നിവയ്ക്ക് ആധാർ നിർബന്ധമാക്കിയാൽ ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്ന് യുവതി തന്റെ അപേക്ഷയിൽ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് മുരളി പുരുഷോത്തമൻ കേന്ദ്ര, സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മിഷണർ, റീജനൽ ട്രാൻസ്‌പോർട്ട് ഓഫിസർ എന്നിവരുടെ അഭിപ്രായം തേടിയത്.

Leave a Reply

Your email address will not be published. Required fields are marked *