ലക്നൗ : യു.പിയില്‍ കൂട്ടബലാത്സംഗത്തിനിരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവും ജീവനൊടുക്കി. യു.പിയിലെ ഹാമിർപൂർ ജില്ലയിലാണ് സംഭവമെന്ന് പൊലീസ് അറിയിച്ചു.നേരത്തെ ഫെബ്രുവരി 29ന് കൂട്ടബലാത്സംഗത്തിനിരയായ 45കാരന്റെ മകളും ബന്ധുവും ആത്മഹത്യ ചെയ്തിരുന്നു. കാണ്‍പൂരിലെ ഗതംപൂരിലായിരുന്നു ഇവർ കൂട്ടബലാത്സംഗത്തിനിരയായത്. ഇതിന് പിന്നാലെയാണ് ഇവരുടെ പിതാവും ജീവനൊടുക്കിയിരിക്കുന്നത്.
ആത്മഹത്യ ചെയ്ത വിവരം യു.പി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മഹത്യക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലെന്ന് ഹാമിർപൂർ പൊലീസ് സൂപ്രണ്ട് ദീക്ഷ ശർമ്മ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കുടുംബം പരാതി നല്‍കിയാല്‍ തുടർനടപടികളുണ്ടാവും. ഇതുസംബന്ധിച്ച് പ്രാഥമിക പരിശോധന തുടങ്ങിയിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.
നേരത്തെ 14,15 വയസുള്ള പെണ്‍കുട്ടികള്‍ ആത്ഹമത്യ ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിനിരയായെന്ന് കണ്ടെത്തിയത്. ഇവർ ജോലി ചെയ്യുന്ന വീട്ടിലെ ഉടമസ്ഥന്റെ നേതൃത്വത്തിലാണ് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് ഇവർ ജോലി ചെയ്യുന്ന വീട്ടിലെ ഉടമസ്ഥൻ രാം സേവകിനേയും മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.