ഏകീകൃത സിവിൽ കോഡ് ഉടൻ; ആദ്യം ഉത്തരാഖണ്ഡിലെന്ന് സൂചന നല്‍കി രാജ്‌നാഥ് സിങ്

Breaking National

ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന സൂചന നൽകി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രംഗത്ത്. സിവിൽ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്നാണ് രാജ്‌നാഥ് സിങ് വ്യക്തമാക്കിയത്. ഉത്തരാഖണ്ഡിൽ നിന്നുള്ളവർ സംഘടിപ്പിച്ച ഉത്തരായണി കൗതിക് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം ഉണ്ടായത്.
ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിൽ ഏതെങ്കിലും സംസ്ഥാനം ഒന്നാമതെത്തിയാൽ അത് ഉത്തരാഖണ്ഡായിരിക്കുമെന്നാണ് സിങ് പറഞ്ഞത്. 2022-ൽ നടന്ന സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി നൽകിയ പ്രധാന വാഗ്‌ദാനങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിന്‍റെ ഏകീകൃത സിവിൽ കോഡ്. അതുകൊണ്ട് തന്നെ അധികാരമേറ്റ ശേഷമുള്ള ആദ്യ മന്ത്രിസഭയിൽ തന്നെ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഇതിനുള്ള നീക്കം തുടങ്ങിയിരുന്നു.
സിവിൽ കോഡ് നടപ്പിലാക്കുന്നതിന് മുന്നോടിയായി വിരമിച്ച സുപ്രീം കോടതി ജഡ്‌ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കാനാണ് ആദ്യ മന്ത്രിസഭയിലെടുത്ത സുപ്രധാന തീരുമാനം. ദേശായിയുടെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്‌ധ സമിതി രൂപീകരിച്ചിരുന്നു. തുടർന്ന് സമിതി നിർദിഷ്‌ട യുസിസിയുടെ കരട് തയ്യാറാക്കുകയും അത് സർക്കാരിന് കൈമാറുകയും ചെയ്‌തിരുന്നു. കരട് തയ്യാറാക്കവെ ഉത്തരാഖണ്ഡിലെ രാഷ്‌ട്രീയക്കാർ, മന്ത്രിമാർ, നിയമസഭാംഗങ്ങൾ, സാധാരണക്കാർ എന്നിവരുടെ അഭിപ്രായങ്ങൾ സമിതി പരിഗണിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *