ചെന്നൈ: തമിഴ് നടൻ ജയം രവിയും ഭാര്യയും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. താൻ വിവാഹ മോചനം നേടുന്നുവെന്ന ജയം രവിയുടെ പ്രഖ്യാപനവും അതിനു പിന്നാലെ ആർതിയുടെ പ്രതികരണവുമെല്ലാം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഈ ബന്ധം തുടരാൻ താൽപര്യമില്ലെന്ന് ജയം രവി ഉറപ്പിച്ച് കഴിഞ്ഞു. എന്നാൽ ആർതി ഇതിനു തയാറാകുന്നില്ല. ആർതിയുടെ അമിത നിയന്ത്രണമാണ് വിവാഹബന്ധത്തെ ബാധിച്ചത് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇതുമായി ബന്ധപ്പെട്ട് ആർജെ ഷാ എന്ന പ്രമുഖ തമിഴ് യൂട്യൂബറോട് ജയം രവി തുറന്ന് സംസാരിക്കുകയും ചെയ്തു.നടൻ തന്നോട് ഇക്കാര്യങ്ങൾ തുറന്ന് പറയാനുള്ള കാരണം ആർജെ ഷാ വിശദീകരിക്കുന്നുണ്ട്. താൻ നേരിട്ട് സംസാരിക്കുന്നത് മക്കൾ കാണേണ്ടെന്ന് കരുതിയാണ് തന്നോട് ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്നും പറ്റുകയാണെങ്കിൽ യൂട്യൂബ് ചാനലിൽ ഇക്കാര്യങ്ങൾ പങ്കുവെക്കണമെന്നും ജയം രവി തന്നോട് ആവശ്യപ്പെട്ടെന്ന് ഷാ പറയുന്നു. ജയം രവി തന്നോട് തുറന്ന് പറഞ്ഞ കാര്യങ്ങളും ആർജെ ഷാ പങ്കുവെച്ചു.വീട്ട് ജോലിക്കാരന് ലഭിക്കുന്ന ബഹുമാനം പോലും തനിക്ക് ലഭിച്ചില്ലെന്ന് ജയം രവി തുറന്ന് പറഞ്ഞു. കഴിഞ്ഞ പതിമൂന്ന് വർഷമായി എനിക്ക് ഒറ്റയ്ക്ക് ബാങ്ക് അക്കൗണ്ട് ഇല്ല. ആരതിക്കൊപ്പം ജോയിന്റ് അക്കൗണ്ടാണ്. ഞാൻ എവിടെ പോയി എന്ത് ചെലവഴിച്ചാലും മെസേജ് അവൾക്ക് പോകും. ഒരു ഘട്ടത്തിനപ്പുറം ഇത് സഹിക്കാനായില്ല. അവൾക്ക് എന്ത് വേണമെങ്കിലും വാങ്ങാം. ലക്ഷങ്ങളുടെ ബാഗും ചെരുപ്പും വാങ്ങാം. ഞാൻ വിദേശത്ത് പോകുമ്‌ബോൾ കാർഡ് ഉപയോഗിച്ചാൽ ഉടനെ വിളിച്ച് ഇപ്പോൾ എന്തിനാണ് കാർഡ് ഉപയോഗിക്കുന്നത്, എന്താണ് കഴിക്കുന്നതെന്ന് ചോദിക്കും.
എന്റെ അസിസ്റ്റന്റ്‌സിനോട് വിളിച്ച് ചോദിക്കും. എനിക്കത് നാണക്കേടായി. ഒരു വലിയ സിനിമയിൽ ഒപ്പം പ്രവർത്തിച്ചവർക്ക് ഞാൻ ട്രീറ്റ് കൊടുത്തു. ഞാൻ പേ ചെയ്തതിന് പിന്നാലെ അസിസ്റ്റന്റ്‌സിനോട് വിളിച്ച് എന്തിനാണ് പണം ചെലവഴിച്ചത്, ആരൊക്കെ വന്നു എന്നെല്ലാം ചോദിച്ചു. ഇതെല്ലാം തനിക്ക് വളരെ വിഷമമമുണ്ടാക്കി.
ഇൻസ്റ്റഗ്രാം പാസ് വേഡ് എന്റെ കൈയിൽ ഇല്ല. വാട്‌സ്ആപ്പ് പ്രശ്‌നമാകുന്നതിനാൽ ആറ് വർഷം അതും ഉപയോഗിച്ചില്ല, ബ്രദർ സിനിമയുടെ ഷൂട്ടിന് പോയപ്പോൾ മുറിയിൽ ആരെങ്കിലുമുണ്ടോയെന്ന് കാണാൻ വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെട്ടു. പ്രശ്‌നങ്ങൾ കാരണം ഷൂട്ട് നിർത്തി വരേണ്ടി വന്നു. ആരതിയുടെ അമ്മയ്ക്ക് വേണ്ടി സിനിമകൾ ചെയ്തു. അത് നഷ്ടമാണെന്ന് പറഞ്ഞു. കണക്ക് നോക്കിയപ്പോൾ ലാഭമാണ്.
കടുത്ത സമ്മർദ്ദത്തിലായപ്പോഴാണ് താൻ വീട് വിട്ട് പോയതെന്ന് ജയം രവി തന്നോട് പറഞ്ഞെന്നും ആർജെ ഷാ പറയുന്നു. ഇദ്ദേഹത്തിന്റെ വാക്കുകൾ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ജയം രവി ആരതി രവിയുടെ നിയന്ത്രണത്തിലാണെന്ന് നടൻ വിക്രം നേരത്തെ തമാശ രൂപേണ സൂചിപ്പിച്ചിരുന്നു.