പാലക്കാട്: ഷൊർണൂർ കവളപ്പാറ ത്രാങ്ങാലിക്ക് സമീപം സഹോദരിമാരെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. വീട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ തുറന്ന നിലയിലാണ്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയ സമയം വീടിനുള്ളിൽ നിന്ന് പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ച പട്ടാമ്പി സ്വദേശിയെ ഷൊർണൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക സാധ്യത തള്ളിക്കളയാനാവില്ലെന്ന് പൊലീസ് അറിയിച്ചു.
തീപിടുത്തത്തിൽ വീട് പൂർണമായും കത്തി നശിച്ച നിലയിലാണ്. തീ ആളിപ്പടർന്നതിനാൽ നാട്ടുകാർക്ക് രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചിരുന്നില്ല. പിന്നീട് ഫയർഫോഴ്സ് എത്തി തീയണച്ച് വീടിനുള്ളിൽ കടന്നപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. കസ്റ്റഡിയിൽ എടുത്ത ആളുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകളും മുറിവുകളുമുണ്ട്. താൻ വഴിയാത്രക്കാരനാണെന്നും സഹോദരിമാർ വഴക്കുകൂടുന്നത് കണ്ട് തടയാൻ ശ്രമിച്ചതാണെന്നുമാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.