ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് പരാതി; അഞ്ച് പേര്‍ക്കെതിരെ കേസ്

Kerala

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ ഹ്രസ്വചിത്ര സംവിധായകന്‍ വിനീത്, ‘ആറാട്ടണ്ണന്‍’ എന്നറിയപ്പെടുന്ന സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര എന്നിവരുള്‍പ്പെടെ 5 പേര്‍ക്കെതിരെ കേസ്. ഇവര്‍ ഉടന്‍ അറസ്റ്റിലായേക്കും എന്നാണു സൂചന.

ഇക്കഴിഞ്ഞ ഏപ്രില്‍ 12നാണു സംഭവം. ഓഗസ്റ്റ് 13നാണു യുവതി പരാതിയുമായി ചേരാനെല്ലൂര്‍ പൊലീസിനെ സമീപിക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ കേസെടുക്കാന്‍ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. പിന്നീട് കേസെടുക്കുകയും മജിസ്‌ട്രേറ്റിനു മുമ്പാകെ യുവതി മൊഴി കൊടുക്കുകയുമായിരുന്നു.സിനിമയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന യുവതിയെ ചിറ്റൂര്‍ ഫെറിക്കടുത്തുള്ള ഫഌറ്റില്‍ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. സിനിമയിലെ രംഗങ്ങള്‍ വിശദീകരിക്കാനെന്ന പേരില്‍ വിനീത് കെട്ടിയിടുകയും തുടര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്ന് പരാതിയില്‍ പറയുന്നു. സുഹൃത്തുക്കളായ അലിന്‍ ജോസ് പെരേര, ആറാട്ടണ്ണന്‍, ബ്രൈറ്റ്, അഭിലാഷ് എന്നിവര്‍ക്കും വഴങ്ങണമെന്നു വിനീത് ആവശ്യപ്പെട്ടതായി പരാതിയില്‍ പറയുന്നു.

‘ആറാട്ട്’ സിനിമയുടെ റിവ്യൂ ചെയ്തതോടെ സാമൂഹിക മാധ്യമങ്ങളിലെ നിരന്തര സാന്നിധ്യമാണ് ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി. നടി നിത്യാ മേനോനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ഇടയ്ക്ക് രംഗത്തെത്തിയിരുന്നു. അലിന്‍ ജോസ് പെരേരയും യുട്യൂബ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. ബ്ലഡി നൈറ്റ് എന്ന പേരില്‍ വിനീത് ഹ്രസ്വചിത്രം പുറത്തിറക്കിയപ്പോള്‍ ആറാട്ടണ്ണനും അലിന്‍ ജോസുമായിരുന്നു ഇതിന്റെ പ്രചാരണത്തിനായി മുന്നില്‍നിന്നത്. ഈ സിനിമയില്‍ സന്തോഷ് വര്‍ക്കി, അലിന്‍ ജോസ് പെരേര, ആല്‍ബ്രൈറ്റ് എന്നിവര്‍ അഭിനയിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *