ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണം; വൈദ്യുത മന്ത്രിക്ക് നിവേദനം നൽകി

Local News

പെരുവ: പെട്രോൾ പമ്പിനും, വീടിന് സമീപവും അപകടകരമായ രീതിയിൽ സ്ഥാപിക്കുന്ന ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പെരുവ കെ.എസ്.ഇ ബി. സെക്ഷൻ ഓഫീസിൻ്റെ കീഴിൽ മൂർക്കാട്ടുപടിയിൽ പുതിയതായി സ്ഥാപിക്കുന്ന ട്രാൻസ്ഫോർമറാണ് റോഡ് ടാറിംഗിൽ നിന്നും കേവലം മൂന്നടി മാത്രം അകലത്തിൽ സ്ഥാപിക്കാനായി പോസ്റ്റ് കുഴിച്ചിട്ടിരിക്കുന്നത്. ആധുനിക നിലവാരത്തിൽ ടാർ ചെയ്തിട്ടുള്ള ആലപ്പുഴ- മധുര സംസ്ഥാന ഹൈവേയിലൂടെ ദിവസവും നൂറ് കണക്കിന് സ്കൂൾ വാഹനങ്ങളും മറ്റു വാഹനങ്ങളും പോകുന്ന വീതി കുറഞ്ഞ വഴിയാണിത്. കൂടാതെ മണ്ണും, മെറ്റലും കയറ്റാൻ പോകുന്ന ടോറസ് ലോറികൾ മത്സരിച്ച് പാഞ്ഞു പോകുന്നതും ഇതുവഴിയാണ്.

ട്രാൻസ്ഫോർമർ സ്ഥാപിക്കാനായി പോസ്റ്റ് കുഴിച്ചിട്ടിരിക്കുന്നതിന് അൻപത് മീറ്റർ മാറി പെട്രോൾ പമ്പും, കൊടും വളവും ഉണ്ട്, ഗവൺമെൻ്റ് ഐ.ടി.ഐ.യും ഇതിന് തൊട്ടു സമീപമാണ് സ്ഥിതി ചെയ്യുന്നത്. ട്രാൻസ്ഫോർമർ സ്ഥാപിച്ച് അതിന് ചുറ്റും വേലി കൂടി സ്ഥാപിക്കുമ്പോൾ റോഡിലേക്ക് കയറി നിൽക്കും. ഇത് അപകടത്തിന് കാരണമാകും. ഈ വിവരം പെരുവയിലെ എ.ഇ. യുമായി സംഭവസ്ഥലത്ത് വച്ച് സംസാരിച്ചപ്പോൾ അവരും, അവരുടെ കൂടെയുണ്ടായിരുന്ന ജീവനക്കാരനും നാട്ടുകാരോട് വളരെ മോശമാമായാണ് പെരുമാറിയത്. ഈ പ്രദേശത്ത് വോൾട്ടേജ് ക്ഷാമം ഉണ്ട് എന്നത് ശരിയാണ്.അതിന് പരിഹാരവും കാണണം. മൂർക്കാട്ടുപടിയിൽ സ്ഥാപിക്കുന്ന ട്രാൻസ്ഫോർമർ അവിടെ നിന്ന് മാറ്റി സുരക്ഷിതവും, സൗകര്യപ്രദവുമായ സ്ഥലത്ത് സ്ഥാപിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ജനകിയ പ്രതികരണവേദിയും ആവശ്യപ്പെടുന്നു.ഇത് സംബന്ധിച്ച് വൈദ്യുതി വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *