തൃശ്ശൂർ : പോരാട്ടം കോൺഗ്രസും ബിജെപി യും തമ്മിലെന്ന ടി എൻ പ്രതാപൻ എം.പിയുടെ വാദം തള്ളി തൃശൂർ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ. ദേശീയതലത്തിൽ കോൺഗ്രസ്സും ബിജെപിയും തമ്മിൽ ആണ് മത്സരം. പക്ഷെ സംസ്ഥാനത്ത് സ്ഥിതി അതല്ല. ഇവിടെ എൽഡിഎഫ് യുഡിഎഫ് തമ്മിലാണ് പോരാട്ടമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസും ബിജെപിയും തമ്മിലാണ് തൃശ്ശൂരിൽ പോരാട്ടം നടക്കുക എന്ന് കഴിഞ്ഞ ദിവസങ്ങളിൽ ടി എൻ പ്രതാപൻ എംപി ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ ടി എൻ പ്രതാപൻ എംപി പറഞ്ഞതിനെ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞിരിക്കുകയാണ് തൃശ്ശൂർ ഡി സി സി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പരസ്യപ്രചരണങ്ങൾ ഇപ്പോൾ പാടില്ലെന്ന് കഴിഞ്ഞ ദിവസം കെപിസിസി തീരുമാനമെടുത്തിരുന്നു. എന്നാൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ടിഎം പ്രതാപൻ എംപിയുടെ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ഡി സി സി യെ കൂടുതൽ ആശങ്കപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തന്നെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. പാർട്ടിയും മുന്നണിയും ഔദ്യോഗികമായി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങൾ ഇനി ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും വി ഡി സതീശൻ വ്യക്തമാക്കുകയും ചെയ്തു.
തൃശ്ശൂരിൽ പോരാട്ടം എൽഡിഎഫ് യുഡിഎഫ് തമ്മിൽ: ടി എൻ പ്രതാപൻ എംപിയെ തള്ളി തൃശൂർ ഡിസിസി രംഗത്ത്
