മലപ്പുറം: മലപ്പുറം താനൂരിൽ ലഹരിമരുന്ന് കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം സംസ്ഥാന ക്രൈബ്രാഞ്ച് ഏറ്റെടുത്തു. ജില്ലാ ക്രൈം ബ്രാഞ്ചിൽ നിന്നാണ് സംസ്ഥാന ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്. അന്വേഷണ ചുമതലയിൽ നിന്ന് മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ മാറ്റി. പകരം മലപ്പുറം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി റെജി എം കുന്നിപ്പറമ്പനാണ് ചുമതല. കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്പി മൊയ്തീൻ കുട്ടിക്ക് മേൽനോട്ട ചുമതലയും നൽകി.
സംഭവത്തില്‍ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നിരുന്നു. മരിച്ച യുവാവിന് മര്‍ദ്ദനമേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. താമിര്‍ ജിഫ്രിയുടെ പുറത്ത് മര്‍ദ്ദനമേറ്റ പാടുകളുണ്ട്. ആമാശയത്തില്‍ ക്രിസ്റ്റല്‍ അടങ്ങിയ പ്ലാസ്റ്റിക് കവറുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനാഫലം പുറത്തുവന്ന ശേഷമേ മരണകാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു.