ടെക്സാസ്: ടെക്‌സസിലെ ഫോര്‍ട്ട് വര്‍ത്തില്‍ നടന്ന കൂട്ട വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവധിക്കാലത്തുണ്ടാകുന്ന ഏറ്റവും പുതിയ തോക്ക് അക്രമണമാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച അര്‍ദ്ധരാത്രിക്ക് മുമ്പാണ് പാര്‍ക്കിംഗ് സ്ഥലത്ത് വെടിവയ്പ്പ് നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ഒരാള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേര്‍ ആശുപത്രിയിലാണ് മരിച്ചത്. പരിക്കുകളോടെ എട്ട് പേരെ കൂടിആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ നിലവിലെ അവസ്ഥയെ കുറിച്ച് സൂചനയില്ലെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഇരകളില്‍ 10 പേര്‍ മുതിര്‍ന്നവരും ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതുമാണെന്നാണ് റിപ്പോര്‍ട്ട്.
വാര്‍ഷിക കോമോഫെസ്റ്റ് ആഘോഷം അവസാനിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഫോര്‍ട്ട് വര്‍ത്തിലെ കോമോ സെക്ഷനില്‍ വെടിവയ്പ്പ് നടന്നത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് അതിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്ന ജൂലൈ നാലിലെ അവധിക്കാലത്തിന്റെ ആഘോഷമാണ് ഈ ഉത്സവം. വെടിവയ്പ്പിനുള്ള കാരണവും പ്രതികളുടെ എണ്ണവും വ്യക്തമായിട്ടില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.
വലിയ തോതിലുള്ള കൂട്ട വെടിവയ്പ്പുകളും തോക്ക് അക്രമ സംഭവങ്ങളും കൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സ് പൊരുതുകയാണ്. ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് ശേഖരിച്ച കണക്കുകള്‍ പ്രകാരം 2023-ല്‍ രാജ്യത്ത് ഇതുവരെ 340-ലധികം കൂട്ട വെടിവയ്പ്പുകള്‍ നടന്നിട്ടുണ്ട്. വെടിവെപ്പ് നടത്തിയ ആളൊഴികെ കുറഞ്ഞത് നാല് പേര്‍ വെടിയേറ്റ് മരിക്കുന്ന സംഭവമാണ് കൂട്ട വെടിവയ്പായി നിര്‍വചിക്കുന്നത്.