തോരാതെ പെയ്ത് മഴ; എറണാകുളത്ത് ഓറഞ്ച് അലർട്ട്

Breaking Kerala

കൊച്ചി: നിലവിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം ജില്ലയിൽ മഴ തുടരുകയാണ്. നഗര ഗ്രാമ വ്യത്യാസമില്ലാതെ മഴ തുടരുന്ന സാ​ഹചര്യമാണ് നിലവിലുള്ളത്. ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാ ഭാഗങ്ങളിലും ലഭിച്ച മഴ 50 മി. മീറ്ററിന് മുകളിലാണ്. 2018-ൽ പ്രളയജലം ഇറങ്ങിയ ഭാഗങ്ങളിൽ അതീവ ജാഗ്രത തുടരണമെന് ജില്ലാ ഭരണകൂടത്തിൻ്റെ നിർദേശം. നാലംഗ സ്ക്വാഡ് രൂപീകരിച്ചുള്ള കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്.

കൺട്രോൾ റൂമുകളുടെ മേൽനോട്ടം തഹസിൽദാർമാർക്ക് ആയിരിക്കും. ശക്തമായ മഴ തുടർന്നാൽ ഹൈറേഞ്ച് മേഖലകളിലേക്കുള്ള രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയേക്കും. കാലടി പെരുമ്പാവൂർ മേഖലയിലും ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് കളക്ടർ വ്യക്തമാക്കി. എറണാകുളം കളമശ്ശേരിക്കടുത്ത് മഞ്ഞുമ്മൽ ആറാട്ട് കടവ് റോഡിൽ പഴയ ഗ്ലാസ് കമ്പനിക്ക് സമീപം തണൽമരം കടപഴകി റോഡിൽ വീണു. ആർക്കും പരിക്കില്ല. ഏലൂർ ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കി. എറണാകുളം പള്ളുരുത്തിയിൽ 110 മി. മീ. മഴ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *