ഡൊമിനിക്ക: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ തോല്‍വി മറന്ന് വിന്‍ഡീസിലെത്തിയ ഇന്ത്യക്ക് രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ മികച്ച തുടക്കം. ഡൊമിനിക്കയില്‍ ആരംഭിച്ച ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിനെ ഇന്ത്യ 150 റണ്‍സിന് പുറത്താക്കി. ഇന്ത്യന്‍ സ്പിന്‍ ജോഡികളായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും എട്ട് വിക്കറ്റുകള്‍ പങ്കിട്ടു.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിന്റെ ഓപ്പണര്‍മാരായ തേജ്‌നാരായണ്‍ ചന്ദര്‍പോളിനെയും (12) കാര്‍ലോസ് ബ്രാത്വെയ്റ്റിനെയും (20) പുറത്താക്കി തുടക്കത്തില്‍ തന്നെ അശ്വിന്‍ പ്രഹരമേല്‍പ്പിച്ചു. റീഫറിനെ (2) ശാര്‍ദൂല്‍ താക്കൂറും ലഞ്ചിനു തൊട്ടു മുന്‍പ് ബ്ലാക്ക്വുഡിനെയും (14) ലഞ്ചിനു പിന്നാലെ ജോഷ്വ ഡ സില്‍വയെയും (2) ജഡേജ പുറത്താക്കിയതോടെ വിന്‍ഡീസ് 5ന് 76 എന്ന നിലയിലേക്ക് വീണു.
അരങ്ങേറ്റം ഗംഭീരമാക്കിയ അലിക്ക് അത്തനാസെ ഹോള്‍ഡറെ കൂട്ടു പിടിച്ച് ആറാം വിക്കറ്റില്‍ വിന്‍ഡീസിനെ കരകയറ്റുമെന്ന് തോന്നിച്ചു. സ്‌കോര്‍ 117 ല്‍ എത്തിയപ്പോള്‍ ഹോള്‍ഡറെ (18) ബൗണ്‍സര്‍ തന്ത്രത്തില്‍ സിറാജ് മടക്കി. അലിക്ക് അത്തനാസെയെ (47) അശ്വിന്‍ ഫിഫ്റ്റിക്ക് മൂന്ന് റണ്‍സ് അകലെ പുറത്താക്കി. അധികം വൈകാതെ വെസ്റ്റ് ഇന്‍ഡീസ് 150 റണ്‍സില്‍ ഒടുങ്ങി. 24.3 ഓവറില്‍ 60 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്ത അശ്വിന്‍ നിരവധി റെക്കോഡുകള്‍ സ്വന്തം പേരിലാക്കി. 26 റണ്‍സ് വിട്ടു കൊടുത്ത് ജഡേജ 3 വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ രോഹിത്തും (30) അരങ്ങേറ്റ മല്‍സരം കളിക്കുന്ന യശസ്വി ജയ്‌സ്വാളും (40) ചേര്‍ന്ന് ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സില്‍ എത്തിച്ചിട്ടുണ്ട്.