ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അനുകരണീയമായ സാമൂഹ്യപ്രവര്‍ത്തനമാണെന്ന് പാത്രിയര്‍ക്കീസ് ബാവ

Kerala Local News

കിഴക്കമ്പലം: ട്വന്റി20 നടത്തുന്ന ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് ഏറ്റവും അനുകരണീയമായ സാമൂഹ്യപ്രവര്‍ത്തനമാണെന്ന് സുറിയാനി ഓര്‍ത്തഡോക്്‌സ് സഭയുടെ പരമാധ്യക്ഷന്‍ മാര്‍ ഇഗ്‌നാത്തിയോസ് ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു. ഇന്നലെ വൈകീട്ട് കിഴക്കമ്പലത്തെ ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് സന്ദര്‍ശനത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു പാത്രിയര്‍ക്കീസ് ബാവ. സമൂഹത്തിലെ പാവപ്പെട്ടവരെ സഹായിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യസാധനങ്ങള്‍ 50% വരെ വിലക്കുറവില്‍ ഇവിടെ ലഭിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്ന ട്വന്റി20 പ്രസിഡന്റ് സാബു ജേക്കബിന്റെയും ചെയര്‍മാന്‍ ബോബി ജേക്കബിന്റെയും പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഇത്തരത്തിലുള്ള ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റുകള്‍ കേരളത്തിലെമ്പാടും തുറക്കാന്‍ കഴിയട്ടെയെന്നും പാത്രിയര്‍ക്കീസ് ബാവ ആശംസിച്ചു.
ഭക്ഷണസാധനങ്ങളും മരുന്നും 50% വരെ വിലക്കുറവില്‍ കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ക്കും ലഭ്യമാക്കുകയാണ് ട്വന്റി20യുടെ ലക്ഷ്യമെന്ന് ട്വന്റി20 പ്രസിഡന്റ് സാബു എം.ജേക്കബ് പറഞ്ഞു. പാത്രിയര്‍ക്കീസ് ബാവയുടെ സന്ദര്‍ശനം ദൈവാനുഗ്രഹമാണെന്നും മുന്നോട്ടുള്ള പ്രവര്‍ത്തങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാത്രിയര്‍ക്കീസ് ബാവയ്‌ക്കൊപ്പം ട്വന്റി20 പ്രസിഡന്റ് സാബു എം. ജേക്കബ്, ചെയര്‍മാന്‍ ബോബി എം.ജേക്കബ്, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, മറ്റ് പഞ്ചായത്ത് അംംഗങ്ങള്‍ എന്നിവരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *