സിലബസിൽ മനുസ്മൃതി ഉൾപ്പെടുത്താൻ ഡൽഹി സര്‍വകലാശാല; പ്രതിഷേധവുമായി അധ്യാപകരും വിദ്യാർത്ഥികളും

National

നിയമ ബിരുദ സിലബസില്‍ മനുസ്മൃതി ഉള്‍പ്പെടുത്താനുള്ള ഡൽഹി സര്‍വകലാശാലയുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്ത്. മനുസ്മൃതി പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അധ്യാപക സംഘടനയായ സോഷ്യല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രണ്ട് ഡൽഹി വിസിക്ക് കത്തയച്ചു. സംഭവം വിവാദമായതോടെ പാഠഭാഗത്തില്‍ മനുസ്മൃതി ഉള്‍പ്പെടുത്തില്ലെന്നും കോഴ്‌സ് കമ്മറ്റി ഫാക്കല്‍റ്റിയുടെ നിര്‍ദേശം തള്ളിയെന്ന വിശദീകരണവുമായി ഡൽഹി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ യോഗേഷ് സിങ് രംഗത്തുവന്നു.

രാജ്യത്തിൽ ഭരണഘടനാതത്വങ്ങള്‍ക്ക് വിരുദ്ധമായി ഹിന്ദു ഗ്രന്ഥമായ മനുസ്മൃതി നിയമ ബിരുദ കോഴ്സില്‍ ഉള്‍പ്പെടുത്താനുള്ള നീക്കമാണ് ഡൽഹി സര്‍വകലാശാല അധികൃതര്‍ മുന്നോട്ട് വെച്ചത്. മനുസ്മൃതി ആധാരമായുള്ള രണ്ട് പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പടുത്തി ആഗസ്റ്റില്‍ ആരംഭിക്കുന്ന അക്കാദിക വര്‍ഷം മുതല്‍ നടപ്പിലാക്കാനായിരുന്നു നീക്കം. ജിഎന്‍ ഝാ തയാറാക്കിയ മനുസ്മൃതി, ടി. കൃഷ്ണസ്വാമി അയ്യരുടെ ‘സ്മൃതിചന്ദ്രിക: മനുസ്മൃതി വ്യാഖ്യാനം’ എന്നിവയാണ് എല്‍എല്‍ബി സിലബസില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ ജൂണ്‍ 24നു ചേര്‍ന്ന നിയമവകുപ്പ് അധ്യാപകരുടെ യോഗത്തില്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *