മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാളിന് ഇടക്കാല ജാമ്യം

National

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‍രിവാളിന് ഇടക്കാല ജാമ്യം. ഇ.ഡി അറസ്റ്റ് ചോദ്യം ചെയ്ത് കെ‍ജ്‍രിവാൾ നൽകിയ ഹരജിയിലാണ് സുപ്രിംകോടതി ഉത്തരവ്. നിലവില്‍ സി.ബി.ഐ കേസില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലുള്ളതിനാല്‍ അദ്ദേഹത്തിന് ഉടന്‍ പുറത്തിറങ്ങാനാകില്ല.

അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കെ‍ജ്‍രിവാള്‍ നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയുമാണു വിധിപറഞ്ഞത്. അറസ്റ്റിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നോ എന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിലെ 19ലെ വ്യവസ്ഥകള്‍ക്ക് വിധേയമാണോ എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കെ‍ജ്‍രിവാള്‍ 90 ദിവസം ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൂണ്ടിക്കാട്ടി.

കെ‍ജ്‍രിവാള്‍ തെരഞ്ഞെടുക്കപ്പെട്ട നേതാവാണെന്ന് സുപ്രിംകോടതി പറഞ്ഞു. പദവിയില്‍ തുടരണമോ വേണ്ടയോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാം. വെറും ചോദ്യംചെയ്യലിനെ തുടര്‍ന്ന് അറസ്റ്റ് അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *