തിരുവനന്തപുരം: നേമത്തെ സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ അധ്യാപികക്കെതിരെ മരിച്ച വിദ്യാർത്ഥിയുടെ കുടുംബം രംഗത്ത്.
നേമം വിക്ടറി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആരതിയാണ് കഴിഞ്ഞ തിങ്കളാഴ്ച ജീവനൊടുക്കിയത്. മകളുടെ ആത്മഹത്യയിൽ അന്വേഷണം വേണമെന്നാണ് അമ്മ വ്യക്തമാക്കുന്നത്. എന്നാൽ ഉപദ്രവിച്ചിട്ടില്ലെന്നാണ് അധ്യാപിക പറയുന്നത്.
കഴിഞ്ഞ ഒന്നരവർഷമായി കുട്ടിയെ ജാതീയമായി അധിക്ഷേപിച്ചുവെന്നാണ് കുടുംബം പറയുന്നത്. അയണിമൂട് സ്വദേശിയായ സന്ധ്യയുടെ രണ്ടു പെൺമക്കളിൽ ഇളയ കുട്ടിയാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ആരതി അവസാനമായി സ്കൂളിൽ എത്തുന്നത്. പ്രധാന അധ്യാപിക വിദ്യാർത്ഥിയുടെ കൈയിൽ മൊബൈൽ ഫോൺ ഉണ്ടെന്ന കാര്യം ആരോപിച്ചുകൊണ്ട് പരസ്യമായി ആരതിയുടെ ബാഗ് തുറന്ന് പരിശോധിച്ചു, എന്നാൽ മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന് അധ്യാപിക സമ്മതിച്ചിരുന്നു.
പിന്നാലെ വീട്ടിലെത്തിയ ശേഷം അധ്യാപികയുടെ ഭാഗത്ത് നിന്നും അധിക്ഷേപമുണ്ടായതായി കുട്ടി അമ്മയോടും ചേച്ചിയോടും പറഞ്ഞു.
കഴിഞ്ഞ ഒന്നര വർഷമായി അധ്യാപിക ജാതീയമായി അധിക്ഷേപിച്ചിരുന്നു. സ്വർണ്ണം ധരിച്ചാൽ കളിയാക്കൽ, ജാതീയമായി കളിയാക്കൽ മറ്റു ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി സഹപാഠികളുടെ മുന്നിൽ വച്ച് അധ്യാപിക അധിക്ഷേപിച്ചുവെന്ന് കുട്ടി പറഞ്ഞിരുന്നുവെന്ന് അമ്മയോടും ചേച്ചിയോടും പറഞ്ഞിരുന്നുവെന്ന് അവർ പറയുന്നു. ശേഷം തിങ്കളാഴ്ച വിദ്യാർത്ഥി സ്കൂളിൽ പോയില്ല. തലവേദനയാണ് കാരണമെന്ന് അമ്മയോട് പറഞ്ഞു.
അമ്മ ജോലിക്കും ചേച്ചി സ്‌കൂളിലേക്കും പോയി വൈകിട്ട് തിരിച്ചുവന്നപ്പോൾ വീടിന്റെ ഒരു മുറിയിൽ കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.