കോഴിക്കോട്: രാജ്യത്തെ 21 നഗരങ്ങൾക്കൊപ്പം കോഴിക്കോടും ദേശീയ വാസ്കുലാർ ദിനത്തിൽ ആംപ്യൂട്ടേഷൻ-വിമുക്ത ഇന്ത്യയ്ക്കായി ചുവടുവെച്ചു. 2021 ൽ ആംപ്യൂട്ടേഷൻ- വിമുക്ത കേരളം എന്ന പേരിൽ സ്റ്റാർകെയർ ഹോസ്പിറ്റൽ ആരംഭിച്ച ബോധവത്കരണ ക്യാമ്പയിൻ ആണിപ്പോൾ ആംപ്യൂട്ടേഷൻ-വിമുക്ത ഇന്ത്യ എന്ന പേരിൽ ദേശീയ തലത്തിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നത്.
സ്റ്റാർകെയർ ഹോസ്പിറ്റൽ, വാസ്കുലാർ സൊസൈറ്റി ഓഫ് ഇന്ത്യ, റോട്ടറി കാലിക്കറ്റ് ഹൈലൈറ്റ് സിറ്റി, അഹം ആരോഗ്യ ഫൗണ്ടേഷൻ എന്നിവർക്കൊപ്പം 122 ഇൻഫൻട്രി ബറ്റാലിയനിലെ ജവാന്മാരും അണിനിരന്നതോടെ വാക്കത്തോൺ അക്ഷരാർത്ഥത്തിൽ കോഴിക്കോട് നഗരം കീഴടക്കി.
ആരോഗ്യകരമായ ജീവിതത്തിൽ വ്യായാമത്തിന്റെ പ്രാധാന്യവും ലിംബ് ആപ്യൂട്ടേഷനെതിരെയുള്ള ശക്തമായ ബോധവത്കരണവുമായി അരങ്ങേറിയ വാക്കത്തോൺ 122 ഇൻഫൻട്രി ബറ്റാലിയനിലെ കമാൻഡിങ് ഓഫിസറായ കേണൽ നവീൻ ബെൻജിത്തും റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഡോ. സേതു ശിവശങ്കറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 7 മണിയോടെ മാനാഞ്ചിറയിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ വൈഎംസിഎ ക്രോസ്സ് റോഡ് വഴി 3 കിലോമീറ്റർ നഗരപ്രദക്ഷിണം ചെയ്തു തിരികെ മാനാഞ്ചിറയിൽ തന്നെ സമാപിച്ചു.
“വാക്ക് എ മൈൽ ടു ലിവ് വിത്ത് എ സ്‌മൈൽ” എന്നായിരുന്നു വാക്കത്തോണിന്റെ പ്രചാരണവാക്യം. ആർ.ജെ മനു (റെഡ് എഫ്.എം), 2023ലെ മിസ്റ്റർ ഇന്ത്യയായ സുമേഷ് റാവു, ക്രിക്കറ്ററായ ഗോകുൽ വി, രഞ്ജു ഗോവിന്ദ് തുടങ്ങിയ പ്രമുഖർ വാക്കത്തോണിന് പിന്തുണയുമായി മാനാഞ്ചിറയിൽ എത്തിയിരുന്നു. വാക്കത്തോണിന് ശേഷം പ്രത്യേകം ഒരുക്കിയ ക്യാൻവാസിൽ പങ്കെടുത്തവർ ഒപ്പ് വച്ച് ക്യാമ്പയിനിനോടുള്ള ഐക്യദാർഢ്യം രേഖപ്പെടുത്തി.
കൃത്യവും സമയോചിതവുമായ ചികിത്സ ലഭ്യമാക്കുന്ന പക്ഷം ലോകമെമ്പാടും ഓരോ മുപ്പത് സെക്കണ്ടിലും ഓരോന്ന് വീതം എന്ന നിരക്കിൽ നടക്കുന്ന ലിംബ് ആംപ്യൂട്ടേഷൻ തൊണ്ണൂറു ശതമാനവും തടയാൻ കഴിയുന്നതാണ്. കാലിലെ രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാവുന്നതോടെ മുറിവുകൾ ഉണങ്ങാതെ പഴുപ്പ് മാറാതെ കാൽ പൂർണ്ണമായോ ഭാഗികമായോ മുറിച്ചുമാറ്റുന്നതിനെയാണ് ലിംബ് ആംപ്യൂട്ടേഷൻ എന്ന് വിളിക്കുന്നത്. വാസ്കുലാർ ചികിത്സയെ കുറിച്ചുള്ള അജ്ഞത ഒന്നുകൊണ്ടു മാത്രം ആണ് ഈ നിരക്ക് കൂടുതലായി നിലനിൽക്കുന്നത്. ഈ സ്ഥിതിയിൽ ശക്തമായ ബോധവത്കരണം കൊണ്ട് മാത്രമേ ആശാവഹമായ പുരോഗതി ഉണ്ടാവുകയുള്ളൂ എന്ന് വാക്കത്തോണിന്റെ അമരക്കാരനും സ്റ്റാർകെയറിലെ വാസ്കുലാർ സർജറി വിഭാഗം മേധാവിയുമായ ഡോ. സുനിൽ രാജേന്ദ്രൻ അഭിപ്രായപ്പെട്ടു.