ക്രിമിനല്‍ നിയമങ്ങളുടെ ഹിന്ദി വത്ക്കരണം വ്യക്തമാക്കുന്നത് ബി.ജെ.പിയുടെ അടിച്ചേല്‍പ്പിക്കല്‍ നയം – എം.കെ സ്റ്റാലിന്‍

National

ചെന്നൈ: ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ ബി.ജെ.പി ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. കഴിഞ്ഞ ദിവസം രാജ്യത്തെ ക്രിമിനല്‍ നിയമങ്ങളുടെ പേര് ഹിന്ദിയിലേക്ക് മാറ്റാൻ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ അടിച്ചേല്‍പ്പിക്കല്‍ നയത്തെ വിമര്‍ശിച്ച്‌ സ്റ്റാലിൻ രംഗത്തെത്തിയത്.

ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി.സി), ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി), ഇന്ത്യൻ എവിഡൻസ് ആക്റ്റ് എന്നിവയുടെ പുനര്‍നാമകരണം ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ വൈവിധ്യം ഇല്ലാതാക്കാനുള്ള ശ്രമവും ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയും ബി.ജെ.പിയും രാജ്യത്ത് ഭാഷാ സാമ്രാജിത്യം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. രാജ്യത്തിന്റെ സ്വത്ത്വത്തെ പൂര്‍ണമായി തുടച്ചുനീക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ശ്രമം എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഡി.എം.കെ എം.പി വില്സണും കേന്ദ്ര സര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. ഒരു ഭാഷയും ആര്‍ക്കുമേലും അടിച്ചേല്‍പ്പിക്കപ്പെടരുത്. ഹിന്ദി അടിച്ചേല്‍പ്പിക്കാൻ ഉപയോഗിക്കരുതെന്നും നിയമങ്ങളുടെ പേരുകള്‍ ഇംഗ്ലീഷിലേക്ക് തന്നെ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 11 നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നിയമങ്ങളുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട് മൂന്ന് ബില്ലുകള്‍ അവതരിപ്പിക്കുന്നത്. ഇവ പാര്‍ലമെന്റ് അംഗീകരിച്ചുകഴിഞ്ഞാല്‍ ഇന്ത്യൻ ശിക്ഷാ നിയമം (IPC), 1860, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് (CrPC), 1898, ഇന്ത്യൻ എവിഡൻസ് ആക്റ്റ്, 1872 എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) ബില്‍, 2023, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബി.എൻ.എസ്.എസ്) ബില്‍, 2023, ഭാരതീയ സാക്ഷ്യ (ബി.എസ്) ബില്‍, 2023, എന്ന് നാമകരണം ചെയ്യപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *