ചെന്നൈ : വിദേശ കമ്പനികളെ തമിഴ്നാട്ടിലേക്ക് ആകർഷിക്കാനും കൂടുതൽ നിക്ഷേപം കൊണ്ടുവരാനും ലക്ഷ്യമിട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ വിദേശയാത്ര.
ഇന്നലെ രാത്രി ചെന്നൈയിൽ നിന്ന് പുറപ്പെട്ട സ്റ്റാലിനും സംഘവും ഇന്ന് സ്‌പെയിനിലെത്തും. യുഎസും ഓസ്‌ട്രേലിയയും സന്ദർശിച്ച ശേഷം ഫെബ്രുവരി ഏഴിന് തിരിച്ചെത്തും.
മുഖ്യമന്ത്രിക്കു പുറമേ വ്യവസായ മന്ത്രി ടി.ആര്‍.ബി.രാജ, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരും സംഘത്തിലുണ്ട്. മുഖ്യമന്ത്രിയായശേഷം മൂന്നാം തവണയാണ് എം.കെ.സ്റ്റാലിന്‍ വിദേശ സന്ദര്‍ശനം നടത്തുന്നത്. നേരത്തേ ചെന്നൈയില്‍ നടന്ന ആഗോള നിക്ഷേപക സംഗമത്തിന്റെ തുടര്‍ച്ചയായാണ് ഇത്തവണത്തെ സന്ദര്‍ശനം. 6.64 ലക്ഷം കോടി രൂപയുടെ കരാറുകളാണ് നിക്ഷേപക സംഗമത്തില്‍ ഒപ്പിട്ടത്. ഇതിന് പിന്നാലെയാണ് അദേഹം വിദേശയാത്ര തീരുമാനിച്ചത്.
ഇലക്ട്രോണിക്സ് നിർമ്മാണം, ഗ്രീൻ എനർജി, നോൺ ലെതർ പാദരക്ഷകൾ, ഓട്ടോമൊബൈൽസ്, ഇലക്ട്രിക് വാഹനങ്ങൾ, എയ്റോസ്പേസ്, പ്രതിരോധം, ഡാറ്റാ സെൻ്ററുകൾ, ഐടി സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിലൂടെയാണ് ഈ നിക്ഷേപങ്ങൾ തമിഴ്നാട്ടിലേക്ക് എത്തിയത്.
മൊത്തം നിക്ഷേപങ്ങളില്‍ 379809 കോടി രൂപ ഉല്‍പാദന മേഖലയിലാണ്. 135157 കോടി രൂപ ഊര്‍ജമേഖലയിലും. വന്‍കിട വ്യവസായങ്ങള്‍ക്ക് ശക്തമായ അടിത്തറ നല്‍കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്ക് വേണ്ടി 63,573 കോടി നിക്ഷേപവും എത്തിയെന്ന് അദേഹം വ്യക്തമാക്കി. നേരത്തെ, 2030നുള്ളില്‍, തമിഴ്നാടിനെ 1 ട്രില്യന്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.
സ്റ്റാലിൻ വിദേശ പര്യടനത്തിന്; വൻ കിട കമ്പനികളെ തമിഴ്‌നാട്ടിലേക്ക് എത്തിക്കുക ലക്ഷ്യം
