ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിലും ഓസ്ട്രേലിയ മേധാവിത്വത്തിലേക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെന്ന സ്കോറിലാണ് സന്ദര്‍ശകര്‍. ആദ്യ ഇന്നിങ്സില്‍ 257 റണ്‍സിന് ശ്രീലങ്ക ഓള് ഔട്ടായിരുന്നു.
ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും അലക്സ് കാരിയും സെഞ്ചൂറിയന്മാരായി. ഇരുവരും ക്രീസിലുണ്ട്. സ്മിത്ത് 120ഉം കാരി 139ഉം റണ്‍സെടുത്തു. 91 റണ്‍സിന് മൂന്ന് എന്ന നിലയില്‍ തകരുന്നിടത്താണ് സ്മിത്തും കാരിയും രക്ഷകരായത്. ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഉസ്മാന് ഖവാജക്ക് 36 റണ്‍സ് മാത്രമാണ് എടുക്കാനായത്. ഓപണര്‍ ട്രാവിസ് ഹെഡ് 21ഉം മാര്‍നസ് ലബൂഷെയ്ന് നാലും റണ്‍സെടുത്ത് പുറത്തായി. നിഷാന്‍ പീരിസ് രണ്ട് വിക്കറ്റെടുത്ത് ഞെട്ടിച്ചു. പ്രബത് ജയസൂര്യക്കാണ് ഒരു വിക്കറ്റ്.
ലങ്കന്‍ ബാറ്റിങ് നിരയില്‍ പുറത്താകാതെ 85 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസ് ആണ് ആതിഥേയരുടെ മാനംകാത്തത്. ദിനേഷ് ചാന്‍ഡിമാല്‍ 74 റണ്‍സെടുത്തു. മൂന്ന് വീതം വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യു കുനെമാന്, നഥാന്‍ ലിയോണ്‍ എന്നിവരാണ് ലങ്കക്ക് വെല്ലുവിളിയായത്. ആദ്യ ടെസ്റ്റില്‍ ഓസീസ് വന്‍ വിജയം നേടിയിരുന്നു.