ന്യൂഡൽഹി: മണിപ്പൂർ വിഷയത്തിൽ പാർലമെന്റിൽ പ്രസംഗം കഴിഞ്ഞ് പോകുന്നതിനിടെ കോണ്ഗ്രസ് എംപി രാഹുൽ ഗാന്ധി വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണവുമായി ബിജെപി. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് പരാതിയുമായി രംഗത്തെത്തിയത്. വിഷയത്തിൽ ബിജെപി വനിതാ എംപിമാർ രാഹുലിനെതിരെ സ്പീക്കർ ഓം ബിർലയ്ക്ക് പരാതി നൽകും. മണിപ്പുർ വിഷയത്തിൽ പ്രതിപക്ഷ ഇന്ത്യ മുന്നണി കൊണ്ടുവന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പ്രസംഗത്തിന് ശേഷം മടങ്ങുന്നതിനിടെ ഫ്ലയിങ് കിസ് നൽകിയെന്നാണ് ബിജെപി ആരോപിക്കുന്നത്.
രാഹുൽ പ്രസംഗം പൂർത്തിയാക്കിയതിനെ തുടർന്ന് സ്മൃതി ഇറാനി അവിശ്വാസ പ്രമേയത്തിനെതിരെ പ്രസംഗം ആരംഭിച്ചു. പിന്നാലെ, രാഹുൽ സഭ വിട്ടു. ഇതിനിടെ വനിതാ അംഗങ്ങൾക്കു നേരെ ഫ്ലയിങ് കിസ് നൽകിയെന്നാണ് സ്മൃതിയുടെ ആരോപണം ആരോപണം. ‘‘എനിക്ക് മുൻപ് സംസാരിച്ചയാൾ മോശമായി പെരുമാറി. സ്ത്രീ വിരുദ്ധനായ ആൾക്കുമാത്രമേ, വനിതാ പാർലമെന്റംഗങ്ങൾക്കുനേരെ ഫ്ലയിങ് കിസ് കാണിക്കാൻ കഴിയൂ. ഇത്തരത്തിലുള്ള മാന്യതയില്ലാത്ത പെരുമാറ്റം പാർലമെന്റിൽ മുൻപ് കണ്ടിട്ടില്ല’’– സ്മൃതി ഇറാനി പറഞ്ഞു. എന്നാൽ, രാഹുൽ ഗാന്ധി ഫ്ലയിങ് കിസ് നൽകുന്നത് ക്യാമറയിൽ പതിഞ്ഞിട്ടില്ല.