മലപ്പുറം: സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനായി ഫെയർനെസ് ക്രീം ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് കോട്ടക്കല്‍ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടര്‍മാർ. ഈയിടെ ആശുപത്രികളിൽ വന്ന രോഗികളെ പരിശോധിച്ചതിൽ നിന്നാണ് ഗുരുതരമായ വൃക്കരോഗം ബാധിച്ചതായി കണ്ടെത്തിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അസുഖം ബാധിച്ചവരെല്ലാം ഇത്തരം ഫെയർനസ് ക്രീമുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എട്ടു പേർക്ക് അപൂർവ്വ വൃക്കരോഗം ബാധിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ ഫെബ്രുവരി മുതല്‍ ജൂണ്‍വരെ ചികിത്സതേടിയെത്തിയ രോഗികളിലാണ് മെമ്പ്രനസ് നെഫ്രോപ്പതി (എം.എന്‍.) എന്ന അപൂര്‍വ വൃക്കരോഗം കണ്ടെത്തിയത്. വൃക്കയുടെ അരിപ്പയ്ക്ക് കേടുവരികയും പ്രോട്ടീന്‍ മൂത്രത്തിലൂടെ നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിയപ്പെട്ടവരില്‍ കൂടുതല്‍പ്പേരും തൊലിവെളുക്കാന്‍ ഉയര്‍ന്ന അളവില്‍ ലോഹമൂലകങ്ങള്‍ അടങ്ങിയ ക്രീമുകള്‍ ഉപയോഗിച്ചവരാണ്.
പതിനാലുകാരിയിലാണ് രോഗം ആദ്യം ശ്രദ്ധയില്‍പ്പെട്ടത്. മരുന്നുകള്‍ ഫലപ്രദമാകാതെ വന്നപ്പോള്‍, പതിവില്ലാത്ത എന്തെല്ലാം കാര്യങ്ങളാണ് കുട്ടി ഉപയോഗിച്ചതെന്നന്വേഷിച്ചു. അങ്ങനെയാണ് കുട്ടി ഫെയര്‍നസ് ക്രീം ഉപയോഗിച്ചതായി മനസ്സിലാക്കിയത്. എന്നാല്‍ ഇതാണ് രോഗകാരണമെന്ന് ആ സന്ദര്‍ഭത്തില്‍ ഉറപ്പിക്കാനാകുമായിരുന്നില്ല.
ഇതേ സമയത്തുതന്നെ കുട്ടിയുടെ ഒരു ബന്ധുവും സമാന രോഗാവസ്ഥയുമായി ചികിത്സതേടിയെത്തി. ഇരുവര്‍ക്കും അപൂര്‍വമായ ‘നെല്‍ 1 എം.എന്‍.’ പോസിറ്റീവായിരുന്നു. ഈ കുട്ടിയും ഫെയര്‍നസ് ക്രീം ഉപയോഗിച്ചിരുന്നു.
പിന്നീട് ഇരുപത്തൊന്‍പതുകാരന്‍കൂടി സമാനലക്ഷണവുമായി വന്നു. ഇയാള്‍ രണ്ടുമാസമായി ഫെയര്‍നസ് ക്രീം ഉപയോഗിച്ചിരുന്നു. ഇതോടെ നേരത്തേ സമാനലക്ഷണങ്ങളുമായി ചികിത്സതേടിയ മുഴുവന്‍ രോഗികളെയും വരുത്തി.
ഇതില്‍ എട്ടുപേര്‍ ക്രീം ഉപയോഗിച്ചവരായിരുന്നു. ഇതോടെ രോഗികളെയും അവര്‍ ഉപയോഗിച്ച ഫെയ്സ്‌ക്രീമും വിശദപരിശോധനയ്ക്കു വിധേയമാക്കിയെന്ന് മിംസ് ആശുപത്രിയിലെ സീനിയര്‍ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് സഹദേവനും ഡോ. രഞ്ജിത്ത് നാരായണനും പറഞ്ഞു.
പരിശോധനയില്‍ മെര്‍ക്കുറിയുടെയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാള്‍ നൂറുമടങ്ങ് അധികമാണെന്നു കണ്ടെത്തി. ഉപയോഗിച്ച ക്രീമുകളില്‍ ഉത്പാദകരെ സംബന്ധിച്ചോ അതിലെ ചേരുവകള്‍ സംബന്ധിച്ചോ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല.