പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പ്; നജീബ് കാന്തപുരം എംഎൽഎക്കെതിരെ സാമ്പത്തിക തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസ്

Breaking Kerala Local News

പെരിന്തൽമണ്ണ എംഎൽഎ നജീബ് കാന്തപുരത്തിനെതിരെ സാമ്പത്തിക തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസ്. പെരിന്തൽമണ്ണ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മലപ്പുറം പുലാമന്തോൾ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പകുതി വിലക്ക് ലാപ്ടോപ്പ് 40 ദിവസത്തിനുള്ളിൽ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തിയതിന് എതിരെയാണ് അനുപമ പൊലീസിൽ പരാതി നൽകിയത്. 2024 സെപ്റ്റംബർ 25നാണ് പെരിന്തൽമണ്ണ ജൂബിലി റോഡ് ജംഗ്ഷനിലുള്ള നജീബ് കാന്തപുരം എംഎൽഎയുടെ ഓഫീസിൽ വച്ച് 21,000 രൂപ ലാപ്ടോപ്പിനായി അനുപമയിൽ നിന്നും വാങ്ങിയത്.

എംഎൽഎ ഓഫീസിൽ വച്ച് മുദ്ര ഫൗണ്ടേഷൻ സെക്രട്ടറിയാണ്   40 ദിവസത്തിനകം ലാപ്ടോപ്പ് നൽകുമെന്ന് പറഞ്ഞ് പണം വാങ്ങിയത്. 40 ദിവസം കഴിഞ്ഞിട്ടും കൈപ്പറ്റിയ പണമോ, ലാപ്ടോപ്പോ നൽകാതെ വന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയത്. സാമ്പത്തിക തട്ടിപ്പിനും വഞ്ചന കുറ്റത്തിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് നജീബ് കാന്തപുരം എംഎൽഎയ്ക്കെതിരെ പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പകുതി വിലക്ക്  ലാപ്ടോപ്പ് ഉൾപ്പടെ ലഭിക്കുമെന്ന് വാർത്ത കുറിപ്പിലൂടെയും വാട്‌സ്ആപ്പിലൂടെയും പരസ്യം നൽകിയാണ് എംഎൽഎയുടെ നേതൃത്വത്തിൽ ആളുകളെ വഞ്ചിച്ചിരിക്കുന്നത്. എംഎൽഎയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന മുദ്ര ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മറവിലാണ് തട്ടിപ്പു നടത്തിയത്. നജീബ് കാന്തപുരം എംഎൽഎ ഒന്നാം പ്രതിയാക്കിയും സെക്രട്ടറിയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് ആകെ ചർച്ചയായിരിക്കുന്ന ആയിരം കോടി രൂപയുടെ തട്ടിപ്പിന് പെരിന്തൽമണ്ണ നിയോജക മണ്ഡലം എംഎൽഎ നജീബ് കാന്തപുരം കൂട്ടുനിന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. നജീബിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന മുദ്രാ ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തി ഇരുചക്ര വാഹനവും ലാപ്ടോപ്പ് ഉൾപ്പെടെ വാഗ്‌ദാനം ചെയ്‌തത്. എന്നാൽ ഗുണഭോക്താക്കളിൽ നിന്ന് പണം സ്വീകരിച്ച് എംഎൽഎ ഓഫീസ് കേന്ദ്രമായി പ്രവർത്തിക്കുന്ന മുദ്ര ചാരിറ്റബിൾ ഫൗണ്ടേഷൻ പണം അടച്ചു കഴിഞ്ഞിട്ടും ഇവ ലഭ്യമാക്കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *