കൊച്ചി: എറണാകുളം പറവൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനം ജപ്തി ചെയ്ത വീട് സന്ധ്യയ്ക്കും മക്കൾക്കും തിരികെ ലഭിച്ചു. വീടിന്റെ താക്കോൽ സന്ധ്യയ്ക്ക് കൈമാറി. ലുലു ഗ്രൂപ്പാണ് മണപ്പുറം ഫിനാൻസിന് പണം കൈമാറിയത്. ലുലു ഗ്രൂപ്പ് മീഡിയ കോർഡിനേറ്റർ സ്വരാജാണ് താക്കോൽ സന്ധ്യയ്ക്ക് കൈമാറിയത്. ഒപ്പം 10 ലക്ഷം രൂപ സ്ഥിര നിക്ഷേപമായി സന്ധ്യയുടെയും മക്കളുടെയും പേരിൽ നൽകും
ഇവരുടെ കടബാധ്യതകൾ മുഴുവൻ ഏറ്റെടുക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചിരുന്നു. സന്ധ്യയും മക്കളും വീട്ടിലില്ലാതിരുന്ന സമയത്താണ് വീട് ജപ്തി ചെയ്തത്. വീടിനകത്തുണ്ടായ സാധനങ്ങൾ പോലും എടുക്കാൻ സാധിച്ചില്ല. വീട്ടിൽ കയറാതെ പച്ചവെള്ളം പോലും കുടിക്കില്ലെന്ന ഉറച്ച തീരുമാനത്തിലായിരുന്നു സന്ധ്യ. പിന്നാലെയാണ് ലുലുഗ്രൂപ്പ് വായ്പ് ഏറ്റെടുക്കുകയും രാത്രി തന്നെ കുടുംബത്തിന് വീട്ടിൽ തിരികെ പ്രവേശിക്കാൻ അവസരം ഒരുക്കുകയും ചെയ്തത്.