പൊതു-സ്വകാര്യ ഇടങ്ങളിൽ അതിക്രമങ്ങൾക്ക് വിധേയരാകുന്ന വനിതകൾക്കുള്ള ജില്ലയിലെ സഖി വൺ സ്റ്റോപ്പ് സെന്റർ കോഴായിൽ പ്രവർത്തനം തുടങ്ങി. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉദ്ഘാടനം ചെയ്തു.
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ നേരിടുന്നതിനും തടയുന്നതിനുമായി സംസ്ഥാനത്ത് ഒട്ടേറെ സംവിധാനങ്ങളുണ്ടെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സഖിയെന്നും അദ്ദേഹം പറഞ്ഞു. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷനായി. തോമസ് ചാഴികാടൻ എംപി വിശിഷ്ടാതിഥിയായി. വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എം വി സുനിത റിപ്പോർട്ട് അവതരിപ്പിച്ചു.ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, പി എം മാത്യൂ, ജോസ് പുത്തൻകാല, ഉഴവൂർ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ പി സി കുര്യൻ, കൊച്ചുറാണി സൊബസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രാജു ജോൺ, സിൻസി മാത്യു, പഞ്ചായത്തംഗം സന്ധ്യ സജികുമാർ, ഉഴവൂർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ജോഷി ജോസഫ്, ഉഴവൂർ സിഡിപിഒ ടിൻസി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കോഴായിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തിന് സമീപമാണ് സെന്റർ. സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിന്റെ മേൽനോട്ടത്തിൽ കലക്ടർ അധ്യക്ഷയായ സമിതിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.