രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ആര്‍എസ്പി നേതാവ്

Kerala

ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രസ്താവനക്കെതിരെ ആര്‍എസ്പി സംസ്ഥാന കമ്മറ്റിയംഗം സി കൃഷ്ണചന്ദ്രന്‍ രംഗത്ത്. എത്ര യുദ്ധവിമാനങ്ങള്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടെന്ന രാഹുല്‍ഗാന്ധിയുടെ ചോദ്യം അനവസരത്തിലുള്ളതും അനുചിതവുമാണെന്ന് കൃഷ്ണചന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഗൂഢമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാമര്‍ശങ്ങള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഗുണം ചെയ്യില്ല. ഇന്ത്യയുടെ വിജയത്തിന് ഒപ്പം നില്‍ക്കേണ്ട അവസരത്തിലാണ് രാഹുല്‍ഗാന്ധി ഇത്തരം പ്രസ്താവന നടത്തിയതെന്നും സി കൃഷ്ണചന്ദ്രന്‍ കുറ്റപ്പെടുത്തി. ആര്‍എസ്പി യുഡിഎഫിന്റെ ഘടകകക്ഷിയായിരിക്കുമ്പോഴാണ് സംസ്ഥാന കമ്മറ്റിയംഗം രാഹുല്‍ഗാന്ധിക്കെതിരെ പരസ്യമായി രംഗത്ത് വരുന്നത്.

കൃഷ്ണചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ഓപ്പറേഷന്‍ സിന്ദൂര്‍’

———–

പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടി.

ഏതൊരു ഭാരതീയനും രാഷ്ട്രീയത്തിനതീതമായി ആത്മാര്‍ത്ഥമായി ആഗ്രഹിച്ച തിരിച്ചടി; നമ്മുടെ രാജ്യത്തിന്റെ അഭിമാനം വാനോളമുയര്‍ത്തിയ മിലിട്ടറി ഓപ്പറേഷന്‍. ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വ്യക്തമായ ആസൂത്രണം, സമാനതകളില്ലാത്ത സൈനിക പ്രഹര ശേഷി, ലക്ഷ്യസ്ഥാനങ്ങളെ ഛിന്നഭിന്നമാക്കിയ അതിസൂക്ഷ്മത, സ്വന്തം പ്രദേശങ്ങളെ സംരക്ഷിച്ച അതീവ ജാഗ്രത, ശേഷം ലോകത്തെ അറിയിച്ച സുതാര്യത, അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയുടെ വാദങ്ങളെ സാക്ഷ്യപ്പെടുത്തി പുറത്ത് വിട്ട തെളിവുകള്‍ എന്നിവ നമുക്ക് അഭിമാന മുഹൂര്‍ത്തങ്ങള്‍ തന്നെയാണ്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിന്ദൂര്‍ കൃഷി ചെയ്യുന്ന കാശ്മീരില്‍ നടന്ന തീവ്രവാദ കൂട്ടക്കൊലയില്‍ നമ്മുടെ രാജ്യം തിരിച്ചടിക്കുമ്പോള്‍ നല്‍കിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരും, രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ കാശ്മീര്‍ സ്വദേശിയായ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയോടൊപ്പം കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരെ നിയോഗിച്ചതും, കര-നാവിക-വ്യോമ സേന ഉദ്യോഗസ്ഥര്‍ ഉപഗ്രഹ ചിത്രങ്ങളുമായി ഓരോ ആക്രമണങ്ങളെയും ഇഴ കീറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ സമഗ്രമായി വിശദീകരിച്ചതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

നിര്‍ണ്ണായക ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാരിന് നിരുപാധിക പിന്തുണ നല്‍കിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ഓപ്പറേഷന്‍ സിന്ദൂറിനെ നിശിതമായി നിരന്തരമായി വിമര്‍ശിച്ചിരുന്ന, പരിധി വിട്ട് പരിഹസിച്ചിരുന്ന പ്രവീണ്‍ സാഹ്നി എന്നയാളുടെ പോസ്റ്റിനെ ആധാരമാക്കി നടത്തിയ കഴിഞ്ഞ ദിവസത്തെ X പോസ്റ്റിലെ ചോദ്യം; അനവസരത്തിലാണ്, അനുചിതമാണ്.

‘യുദ്ധമാകുമ്പോള്‍ നാശ നഷ്ടങ്ങള്‍ സ്വാഭാവികമാണ്, നമ്മുടെ എല്ലാ പൈലറ്റുമാരും സുരക്ഷിതരാണ്’ എന്ന ഔദ്യോഗിക വിശദീകരണത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. യുദ്ധത്തില്‍ നഷ്ടങ്ങള്‍ പരസ്യമായി വെളിപ്പെടുത്താതെ, രാജ്യത്തെ ജനങ്ങളില്‍ അരക്ഷിതാവസ്ഥയും, അങ്കലാപ്പും സൃഷ്ടിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ് ഏതൊരു ഭരണകൂടവും ചെയ്യേണ്ടത്; ചെയ്യുന്നത്. ഇത്രയും നാശനഷ്ടങ്ങള്‍ ഏറ്റ് വാങ്ങിയ പാകിസ്ഥാന്‍ പോലും പരസ്യമായി അവകാശപ്പെടുന്നത് വിജയം അവര്‍ക്കാണ് എന്നതാണ്. നമ്മുടെ രാജ്യത്തിന്റെ മികവ് അന്താരാഷ്ട്ര സമൂഹത്തില്‍ തിളങ്ങി നില്‍ക്കുമ്പോഴുള്ള ഇത്തരത്തിലുള്ള സംശയങ്ങളും പരസ്യ സംവാദവും വെളിപ്പെടുത്തലും വിഴുപ്പലക്കലും ഒരു ഭാരതീയനും ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളണം. ഗൂഢ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പരാമര്‍ശങ്ങള്‍ ഒരു രാഷ്ട്രീയ കക്ഷികള്‍ക്കും ഗുണം ചെയ്യില്ല. എല്ലാക്കാലത്തും ദേശീയതയുടെ മറ പിടിച്ച് രാഷ്ട്രീയ നേട്ടത്തിനായി വല വിരിക്കുന്ന ബിജെപിയുടെ വലയില്‍ ശശി തരൂര്‍ വിഷയത്തില്‍ ഇതിനോടകം തന്നെ വീണിട്ടും, വീണ്ടും വീണ്ടും കോണ്‍ഗ്രസ് വിവാദത്തില്‍ പെടരുത്.

രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കാളും, വിദേശകാര്യ- പ്രതിരോധ മന്ത്രിമാരേക്കാളും സുവ്യക്തമായി ലോകത്തിന് മുന്നില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ ആവശ്യകതയും, പാകിസ്ഥാന്റെ തീവ്രവാദ പ്രീണനവും വിശദീകരിച്ച ശശി തരൂരിനെ, കാര്യങ്ങള്‍ സംസാരിച്ച് കൂടെ നിര്‍ത്തി നേട്ടം കൊയ്യുന്നതിന് പകരം വേറൊരു ലേബല്‍ നല്‍കി അകറ്റി നിര്‍ത്തുകയല്ല വേണ്ടത്. പ്രതിനിധി സംഘത്തിലേക്ക് കോണ്‍ഗ്രസ് നിര്‍ദേശിച്ച നാല് പേരുകളേക്കാള്‍ (അവരെ ചെറുതായി കാണുകയല്ല) പേരും പെരുമയും അനുഭവജ്ഞാനവുമുള്ള എത്രയോ നേതാക്കള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. സാധാരണ സാഹചര്യങ്ങളില്‍ പതിവ് പടിയെന്നോണം നയതന്ത്ര സംഘങ്ങള്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നത് പോലെയല്ലല്ലോ ഈ അസാധാരണ സാഹചര്യം. അമേരിക്കയിലേക്കുള്ള അന്താരാഷ്ട്ര പ്രതിനിധി സംഘത്തെ നയിക്കുമ്പോള്‍ പാര്‍ലമെന്റിലെ വിദേശകാര്യ കമ്മിറ്റിയുടെ ചെയര്‍പേഴ്‌സനല്ലേ ആ സംഘത്തിന്റെ ലീഡറാകേണ്ടത്? വ്യക്തിപരമായ അംഗീകാരവും, ഔന്നത്യവും, വിഷയത്തെക്കുറിച്ച് ഗഹനമായ ചരിത്ര അവബോധവും, പരിചയസമ്പന്നതയും തീര്‍ച്ചയായും പരിഗണിക്കപ്പെടുക തന്നെ വേണം.

ശശി തരൂരിന്റെ വാക്കുകള്‍ കടമെടുത്താല്‍,

‘രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ’

കൂട്ടിച്ചേര്‍ക്കാനുള്ളത്;

‘രാഷ്ട്ര ബോധവും, രാഷ്ട്രീയ ബോധ്യവും പ്രസക്തമാണ്’

Leave a Reply

Your email address will not be published. Required fields are marked *