കൊച്ചി: വയനാട്ടിൽ വനംകപ്പിന്റെ കീഴിലുള്ള ആർ.ആർ.ടി സംഘത്തിലേക്ക് നിയമനം നൽകാമെന്ന പേരിൽ നിരവധി പേരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത സംഘത്തിന് വകുപ്പ് മന്ത്രിയുമായി ബന്ധമുണ്ടെന്ന തരത്തിൽ ഉയർന്നുവരുന്ന ആരോപണങ്ങൾ അങ്ങേയറ്റം ഗൗരവകരമാണ്. വനംവകുപ്പിൽ ഇത്തരത്തിലുള്ള കോഴ നിയമനങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന ആരോപണങ്ങൾ നിലനിൽക്കുകയാണ് വീണ്ടും പരാതികൾ ഉയർന്നുവരുന്നത്. തുടർച്ചയായി അഴിമതിയും നിയമന കോഴ വിവാദങ്ങളും ഉയർന്നുവരുന്ന പശ്ചാത്തലത്തിൽ മന്ത്രിസ്ഥാനത്തുനിന്നും എ കെ ശശീന്ദ്രൻ രാജിവെച്ചു പുറത്തു പോകണം. അതല്ലാത്ത പക്ഷം അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും ഇടതുമുന്നണി പുറത്താക്കണം. നിയമനക്കോഴയും അഴിമതിയും പോലെയുള്ള ഗുരുതര കുറ്റകൃത്യങ്ങളുടെ ഭാഗമായി വനം മന്ത്രിയുടെ ഓഫീസ് മാറുമ്പോൾ മുഖ്യമന്ത്രി മൗനം വെടിയണം. ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ തൊഴിലിനുവേണ്ടി കഷ്ടപ്പാടുകൾ അനുഭവിക്കുമ്പോഴാണ് വനം വകുപ്പിൽ കോഴ വാങ്ങിയുള്ള നിയമനങ്ങൾ തകൃതിയായി അരങ്ങേറുന്നത്. കാടിറങ്ങി വന്യമൃഗങ്ങൾ നാട്ടിലേക്ക് വന്ന് സ്വൈര്യവികാരം നടത്തുമ്പോൾ അതിനെയൊന്നും പ്രതിരോധിക്കുവാൻ പദ്ധതികളോ, നടപടികളോ ഇല്ലെങ്കിലും സകല അഴിമതിക്കും കുടപിടിക്കുവാൻ മന്ത്രിയുടെ ഓഫീസിന് കഴിയുന്നുണ്ട്. ആർ ആർ ടി നിയമന കോഴ വിവാദത്തിൽ മന്ത്രിക്കും ഓഫീസിനും എതിരെ കേസെടുക്കണമെന്നും ഇല്ലാത്തപക്ഷം സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുമെന്നും എൻ എ മുഹമ്മദ് കുട്ടി കൂട്ടിച്ചേർത്തു.
RRT നിയമന തട്ടിപ്പ്: വനംമന്ത്രി രാജി വെയ്ക്കണം: എൻ എ മുഹമ്മദ് കുട്ടി
