ന്യൂഡൽഹി: മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ച പാർലമെന്റിൽ ഇന്ന് നടക്കും. കോണ്‍ഗ്രസ് ലോക്‌സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗെഗോയി അവതരിപ്പിച്ച പ്രമേയത്തിലാണ് ചര്‍ച്ച നടക്കുക. അയോഗ്യത നീങ്ങിയെത്തിയ രാഹുല്‍ ഗാന്ധി സംസാരിക്കുമെന്ന് ഗൗരവ് ഗൊഗോയ് നിലപാടെടുക്കും. ചര്‍ച്ചകള്‍ക്ക് രാഹുല്‍ ഗാന്ധി തുടക്കം കുറിക്കാനാണ് ‘ഇന്ത്യ’ സഖ്യത്തിന്റെ തീരുമാനം. പ്രധാനമന്ത്രിയുടെ പ്രതികരണം ലക്ഷ്യം വെച്ചാണ് പ്രതിപക്ഷ നീക്കം.
ഭരണപക്ഷത്ത് നിന്ന് ബിജെപി അംഗം നിഷികാന്ത് ദുബൈയാണ് ആദ്യം സംസാരിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കും. മണിപ്പൂര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയാറെന്ന് അമിത്ഷാ വ്യക്തമാക്കിയിരുന്നു. എത്ര ദൈര്‍ഘ്യമേറിയ ചര്‍ച്ചയ്ക്കും തയാറാണെന്നും ഒളിക്കാനുള്ളതുകൊണ്ടാണ് പ്രതിപക്ഷം ബഹളം ഉണ്ടാക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. മണിപ്പൂര്‍ വിഷയത്തില്‍ അന്വേഷണത്തിന് മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍ക്കൊള്ളുന്ന ഉന്നതതല സമിതിയെ നിയോഗിച്ചു.മനുഷ്യാവകാശ വിഷയങ്ങള്‍, ക്യാമ്പുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് മേല്‍നോട്ടത്തിനും കോടതിയെ സഹായിക്കാനും മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനെയും നിയോഗിക്കും. സമിതിക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുന്‍ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തല്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. ശാലിനി ജോഷിയും മലയാളിയായ ആശാ മേനോനുമാണ് സമിതിയിലെ മറ്റ് അംഗങ്ങളായി ഉൾപ്പെട്ടിട്ടുണ്ട്.