പരുമല ആശുപത്രിയിലെ വധശ്രമക്കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

Kerala

പത്തനംതിട്ട: പരുമല ആശുപത്രിയിലെ വധശ്രമക്കേസിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ദുരൂഹതകളുള്ള കേസ് എന്നത് പരിഗണിച്ചാണ് നടപടി. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് വനിതാ കമ്മീഷൻ നിർദ്ദേശം നൽകി.

കായംകുളം കരിയിലക്കുളങ്ങര സ്വദേശിനിയായ സ്നേഹയെ(24)യാണ് കായംകുളം പുല്ലുകുളങ്ങര കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30) കൊല്ലാന്‍ ശ്രമിച്ചത്. സ്നേഹയുടെ ഭർത്താവ് അരുണിനെ സ്വന്തമാക്കാന്‍ വേണ്ടിയാണ് അനുഷ സ്‌നേഹയെ കാലി സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് മൊഴി. ഐപിസി 1860, 419, 450, 307 വകുപ്പുകൾ പ്രകാരമാണ് അനുഷക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

പ്രതി അനുഷയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടന്ന വാദത്തില്‍ അനുഷയ്ക്ക് സ്ത്രീ എന്ന പരിഗണന നൽകണമെന്നും മാതാവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിശദമായ വാദം കേട്ട ശേഷമാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *