തൃശൂർ: കേരള വർമ്മ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ വിജയം റദ്ദാക്കുകയും റീ കൗണ്ടിങ് നടത്താൻ ഉത്തരവിടുകയും ചെയ്ത കോടതി വിധിയിൽ പ്രതികരിച്ച് പ്രിൻസിപ്പാൾ വി എ നാരായണൻ. കോടതി വിധി പ്രകാരം നടപടികൾ പൂർത്തിയാക്കും. അസാധു വോട്ടിന്റെ കാര്യത്തിലടക്കം യൂണിവേഴ്സിറ്റി മാനദണ്ഡ പ്രകാരം നടപടി സ്വീകരിക്കും. റീ കൗണ്ടിങ് വീഡിയോയിൽ പകർത്തും. സുതാര്യമായ റീ കൗണ്ടിങ് നടത്തുമെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
എസ്എഫ്ഐ സ്ഥാനാർത്ഥിയുടെ വിജയം റദ്ദാക്കിയ കോടതി വിധി സ്വാഗതാർഹമെന്ന് കെ എസ് യു ചെയർമാൻ സ്ഥാനാർഥി എസ് ശ്രീക്കുട്ടൻ പറഞ്ഞു. കെ എസ് യു ഉയർത്തിയ വാദം കോടതി അംഗീകരിച്ചു. വിധിയിൽ അഭിമാനമുണ്ട്. റീ കൗണ്ടിങ് സുതാര്യമായി നടക്കുമെന്നാണ് പ്രതീക്ഷ.ച സുതാര്യമായി റീ കൗണ്ടിങ്ങ് നടത്തിയാൽ കെ എസ് യു വിജയിക്കുമെന്നും ശ്രീക്കുട്ടൻ പറഞ്ഞു. അതേസമയം കേരള വർമ്മയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന കെഎസ് യുവിന്റെ ആവശ്യം തള്ളി ഹൈക്കോടതി.