‘രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലിൽ സർക്കാരിനോട് റിപ്പോർട്ട് തേടും’; സജി ചെറിയാനെ തള്ളി വനിതാ കമ്മീഷൻ

Kerala

തിരുവനന്തപുരം: സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് വിഷയത്തിൽ മന്ത്രി സജി ചെറിയാനെ തള്ളി വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വിവരം കിട്ടിയാൽ കേസെടുക്കാമെന്നും രേഖാമൂലം പരാതി വേണമെന്നില്ലെന്നും സതി ദേവി പറഞ്ഞു. നിജസ്ഥിതി തെളിഞ്ഞാൽ എത്ര ഉന്നതനായാലും പുറത്താക്കണം. രഞ്ജിത്തിനെതിരായ വെളിപ്പെടുത്തലിൽ സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെടുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ വ്യക്തമാക്കി. സഹിച്ച് നിൽക്കേണ്ടതില്ല, പരാതിപെടാൻ ആളുകൾ ധൈര്യത്തോടെ മുന്നോട്ട് വരട്ടെയെന്നും പരാതിപെടാൻ ആരെങ്കിലും തയ്യാറായാൽ അതിൽ ഉറപ്പായും നടപടി ഉണ്ടാകുമെന്നും സതി ദേവി പറഞ്ഞു. രഞ്ജിത്തിനെതിരായ ആരോപണത്തിലെ നിജസ്ഥിതി പരിശോധിക്കണമെന്ന് മന്ത്രി ആർ ബിന്ദുവും ആവശ്യപ്പെട്ടിരുന്നു. തീരുമാനം എടുക്കേണ്ടത് സാംസ്കാരിക വകുപ്പാണെന്നും മന്ത്രി പറഞ്ഞു. സിനിമാ മേഖല കാലങ്ങളായി അധമമായ അധികാരം നിലനിൽക്കുന്ന മേഖലയാണ്. സർക്കാരിന് സ്ത്രീകളുടെ കാര്യത്തിലുള്ളത് പോസിറ്റീവ് നിലപാടാണ്. നടിമാർക്ക് ആദ്യകാലം മുതൽ നേരിടേണ്ടി വരുന്നത് ദുരനുഭവങ്ങളാണെന്നും മന്ത്രി പറഞ്ഞു.ഈ മേഖലയിലെ ലിംഗപരമായ അസമത്വങ്ങളെ ചോദ്യം ചെയ്താണ് ​ഡബ്ല്യുസിസി വന്നത്. അവരുടെ അഭിപ്രായങ്ങളെ സ്ത്രീപക്ഷ സർക്കാർ സ്വീകരിച്ചു. ജസ്റ്റിസ് ഹേമ കമ്മറ്റി മുന്നോട്ട് വച്ച എല്ലാ നിർദേശങ്ങളും സർക്കാർ നടപ്പാക്കും. അന്തിമ തീരുമാനം എടുക്കേണ്ടത് സാംസ്കാരിക വകുപ്പ്. നടി പറഞ്ഞത് വിശ്വാസത്തിന്റെയോ അവിശ്വാസത്തിന്റെയോ പ്രശ്നമല്ലെന്നും മന്ത്രി ആർ ബിന്ദു.

Leave a Reply

Your email address will not be published. Required fields are marked *